സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ വളരെ നിസാരമായി കാണാറുള്ള അവസ്ഥയാണ് ശരീരഭാരം കുറയുന്നത്. സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിന്റെ കാരണങ്ങള്‍ കൃത്യമായ വൈദ്യപരിശോധനകളിലൂടെ കണ്ടെത്തേണ്ടതുണ്ട്.
സ്ത്രീകളില്‍ ശരീരഭാരം കുറയുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാകും. അവയെ ഇന്റണ്‍ഷനല്‍(മനപൂര്‍വമായത്) അല്ലെങ്കില്‍ അണ്‍ഇന്റണ്‍ഷനല്‍(മനപൂര്‍വമല്ലാത്തവ) എന്നിങ്ങനെ തരംതിരിക്കാനാകും. ഡയറ്റിന്റെ ഭാഗമായോ വ്യായാമങ്ങള്‍ മൂലമോ ശരീരഭാരം കുറയുന്ന അവസ്ഥ ഇന്റണ്‍ഷനല്‍ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍ മനപൂര്‍വമല്ലാതെ (അണ്‍ഇന്റണ്‍ഷണല്‍) ശരീരഭാരം കുറയുന്നത് അസുഖങ്ങള്‍ മൂലം ഉണ്ടാകുന്നവയാണ്.
പ്രസവശേഷം സ്ത്രീകളില്‍ ശരീരഭാരം കുറയുന്നത് സാധാരണയായി സംഭവിക്കാറുണ്ട്. മനപൂര്‍വമല്ലാതെ ശരീരഭാരം കുറയുന്നത് ഏതെങ്കിലും രോഗത്തിന്റെ മുന്നോടിയോ സൂചനയോ ആയിരിക്കാം. അതുകൊണ്ട് തന്നെ മനപൂര്‍വമല്ലാതെ ശരീരഭാരം കുറയുന്നത് ഗൗരവമായി കണക്കാക്കേണ്ടതും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുമാണ്.
തിരിച്ചറിയാം ഭാരം കുറയുന്നത്
ശരീരഭാരം കുറഞ്ഞുവെന്നു പരാതിപ്പെടുന്ന അന്‍പതു ശതമാനം സ്ത്രീകളിലും പരിശോധനകള്‍ക്ക് വിധേയമാകുമ്പോള്‍ ശരീരഭാരം കുറഞ്ഞതായി കണ്ടെത്താനാവില്ല. വൈദ്യശാസ്ത്രപരമായി ശരീരഭാരം കുറയുന്നത് എന്താണ്? എങ്ങനെ മനസിലാക്കാം? കാരണങ്ങള്‍ എന്തെല്ലാം എന്നിവ മനസിലാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ശരീരഭാരം കുറയുന്നതു വിലയിരുത്താനാകുക. വൈദ്യശാസ്ത്രപരമായി ശരീരഭാരം കുറയുകയെന്നാല്‍ പത്ത് പൗണ്ട് അല്ലെങ്കില്‍ 4.5 കിലോഗ്രാമില്‍ കൂടുതല്‍ ശരീരഭാരം 6- 12 മാസത്തില്‍ കുറയുന്നതാണ്.
അഥവാ ഒരാളുടെ ശരീരഭാരത്തിന്റെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ 6- 12 മാസകാലയളവില്‍ കുറഞ്ഞാല്‍ അതിനെ ചികിത്സാവിധി സംബന്ധിയായി ശരീരഭാരം കുറയുന്നതായി കണക്കാക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം എട്ടു ശതമാനം പേരിലും, 65 വയസിനു മുകളില്‍ ഏകദേശം 27 ശതമാനം പേരിലും ശരീരഭാരം കുറയുന്നത് കണ്ടുവരുന്നു.
ശരീരത്തില്‍ ശരിയായ പോഷകാംശങ്ങള്‍ ലഭിക്കാതെ വരികയോ അവ ശരിയായ രീതിയില്‍ ആഗിരണം ചെയ്യാതെ വരികയോ ശരീരത്തിന്റെ ചയാപചയം അമിതമാകുകയോ ചെയ്യുമ്പോള്‍ ശരീരഭാരം കുറയുന്നു. അമിതമായ ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ കൂടാതെ മറ്റു രോഗലക്ഷണങ്ങളും ഉണ്ടാകാം. കാഴ്ചയിലുള്ള വ്യത്യാസം, ശരീരഭാരം കാര്യമായി കുറയുന്നത് എന്നിങ്ങനെ സംശയജനകമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടനടി ഡോക്ടറെ കാണുക.
കാരണങ്ങള്‍
ശരീരഭാരം കുറയുന്നതിനുള്ള കാരണങ്ങളെ പ്രധാനമായും ഇങ്ങനെ തരംതിരിക്കാം
- ജീവിതശൈലിയുമായി ബന്ധപ്പെട്ടവ
- പ്രായാധിക്യം മൂലമുണ്ടാകുന്നവ
- മനോരോഗങ്ങള്‍/മാനസിക കാരണങ്ങള്‍
- ഹോര്‍മോണ്‍ തകരാര്‍
- ക്രോണിക് ഇല്‍നസ്
- ഇന്‍ഫെക്ഷനുകള്‍
- വിവിധതരം കാന്‍സറുകള്‍
- ചില മരുന്നുകളുടെ ഉപയോഗം ജീവിതശൈലിയുമായി ബന്ധപ്പെട്ടവ:
ജീവിതശൈലിയുമായി ബന്ധപ്പെട്ടവയില്‍ നിയന്ത്രണമില്ലാതെ ജങ്ക് ഫുഡ് കഴിക്കുന്നതും കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉപയോഗവും അമിതമായി വ്യായാമത്തിനും മറ്റു ആക്ടിവിറ്റികളിലും ഏര്‍പ്പെടേണ്ട സാഹചര്യമുണ്ടാക്കുന്നുണ്ട്. കൂടാതെ അഡിക്ഷന്‍, ആല്‍ക്കഹോളിന്റെ ഉപയോഗം, ഉത്കണ്ഠ എന്നിവ വര്‍ധിക്കുന്നതിനാല്‍ കോര്‍ടിസോള്‍ എന്ന ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും അതിന്റെ പ്രവര്‍ത്തനം മൂലം പോഷകങ്ങളുടെ ആഗിരണം കുറയുകയും ചയാപചയം (മെറ്റബോളിസം) കൂടുകയും ചെയ്യുന്നു. ഇവയെല്ലാം ശരീരഭാരം കുറയാന്‍ കാരണമാകാറുണ്ട്.
സീറോസൈസ് ശരീരഘടനയാണ് ഇന്നത്തെ സൗന്ദര്യസങ്കല്‍പം. മെലിഞ്ഞു സുന്ദരിയാകാനും ഭംഗിയുള്ള ശരീരഘടന നിലനിര്‍ത്തുന്നതിനും അമിതമായി ഭക്ഷണം കുറയ്ക്കുന്നത് ഇന്നത്തെ സ്ത്രീകളില്‍ പ്രത്യേകിച്ച് കൗമാരപ്രായക്കാരില്‍ കണ്ടുവരുന്ന പ്രവണതയാണ്. ഇവയും ജീവിതശൈലിയുടെ ഭാഗമാണ്.
പ്രായാധിക്യം :
പ്രായാധിക്യം മൂലം 60 വയസിനു ശേഷം പുരുഷന്മാരിലും 65 നു ശേഷം സ്ത്രീകളിലും ലീന്‍ ബോഡി മാസ് (മസില്‍) കുറയുന്നു. പ്രായമാകുമ്പോഴുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിശപ്പില്ലായ്മ, കായികാധ്വാനം കുറയുന്നത്, ദഹനക്കുറവ്, ഭക്ഷണത്തിന്റെ മണം, രുചി മുതലായവ തിരിച്ചറിയാനുള്ള ശേഷി കുറയുക എന്നീ കാരണങ്ങളാല്‍ ഭക്ഷണത്തോടുള്ള താല്‍പര്യക്കുറവ് അനുഭവപ്പെടാം.
മാനസികമായ കാരണങ്ങള്‍/ മനോരോഗങ്ങള്‍ :
സാമൂഹികമായ ഒറ്റപ്പെടല്‍, സാമ്പത്തിക പ്രതിസന്ധികള്‍, ഉറ്റവരുടെ മരണം, വേര്‍പിരിയല്‍ എന്നിവ മൂലമുള്ള പിരിമുറുക്കം. വിഷാദം, ഉത്കണ്ഠ, സംശയരോഗങ്ങള്‍ തുടങ്ങിയ മനോരോഗങ്ങളും ശരീരഭാരം കുറയുന്നതിനു കാരണമാകാം.
ഹോര്‍മോണ്‍ തകരാര്‍:
ഡയബറ്റിസ് മൂലം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതും ഇന്‍സുലിന്‍ കുറയുന്നതും മസില്‍ മാസ് കുറയ്ക്കുകയും ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചെയ്യുന്നു. ഹൈപ്പര്‍ തൈറോയിഡിസമുള്ളവരില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് ചയാപചയം (മെറ്റബോളിസം) കൂട്ടുന്നു. ഇത് ശരീരഭാരം കുറയാന്‍ ഇടയാക്കുന്നു. അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവും സംഭവിക്കാം.
ക്രോണിക് ഇല്‍നസ്:
കിഡ്‌നി, ലിവര്‍, പാന്‍ക്രിയാസ് എന്നിവയുടെ തകരാര്‍. ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗം, വാതസംബന്ധമായ കാരണങ്ങള്‍, ആമാശയം കുടല്‍ രോഗങ്ങള്‍ (അള്‍സര്‍, മാല്‍അബ്‌സോര്‍പ്ഷന്‍ സിന്‍ഡ്രോം, ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ്) എന്നിവയും ശരീരഭാരം കുറയുന്നതിനിടയാക്കും.
അണുബാധ:
എച്ച്. ഐ .വി, ടി.ബി, പാരസൈറ്റിക് ഇന്‍ഫക്ഷന്‍സ്, ക്രോണിക് ഇന്‍ഫക്ഷന്‍സ്
കാന്‍സറുകള്‍:
വന്‍കുടല്‍, ലിവര്‍, പാന്‍ക്രിയാസ്, പിത്തസഞ്ചി, ശ്വാസകോശം, സ്തനം, ഓവറി എന്നീ കാന്‍സറുകള്‍ ശരീരഭാരം കുറയുന്നതിനു കാരണമാകും.
ചില മരുന്നുകള്‍:
ചില ഉറക്കഗുളികകള്‍, ആന്റി ബയോട്ടിക്ക്‌സ്, മെറ്റ്‌ഫോര്‍മിന്‍, വേദനസംഹാരികള്‍ മുതലായവ.
എങ്ങനെ കണ്ടെത്താം
നിലവിലുള്ള രോഗങ്ങളെക്കുറിച്ചു വ്യക്തമായി മനസിലാക്കിയതിനു ശേഷമുള്ള ചികിത്സ രീതികളാണ് സാധാരണയായി നല്‍കുക. വിശദമായ പരിശോധനയും ശാരീരിക വൈദ്യപരിശോധനകളും രക്തപരിശോധനകളുമാണ് രോഗനിര്‍ണയത്തില്‍ പ്രധാനം.
രക്തത്തിന്റെ അളവ്, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനുള്ള പരിശോധന, കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനുള്ള പരിശോധന, തൈറോയിഡ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രോട്ടീന്‍സ്, എച്ച്. ഐ. വി, ടി.ബി, മറ്റു ഇന്‍ഫക്ഷനുകള്‍ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകള്‍, ചെസ്റ്റ് എക്‌സ് റേ, അള്‍ട്രാസൗണ്ട് സ്‌കാന്‍, കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകള്‍, ന്യൂട്രിഷനല്‍ അസസ്‌മെന്റ് എന്നിവയെല്ലാം പരിശോധനയില്‍ ഉള്‍പ്പെടുന്നു.
വിശദമായ പരിശോധനകളെല്ലാം രോഗത്തെക്കുറിച്ച് പ്രാഥമിക നിഗമനത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം മാത്രമായിരിക്കും ചെയ്യുക.
ചികിത്സ
ശരീരഭാരം കുറയുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. അതോടൊപ്പം ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണ രീതി ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ശരീരത്തിലെ മസിലുകള്‍ കുറയുന്നവര്‍ക്ക് ആവശ്യമായ രീതിയിലുള്ള വ്യായാമം നിര്‍ദേശിക്കാറുണ്ട്. വിശപ്പ് കുറയ്ക്കുന്ന മരുന്നുകളും മറ്റും കഴിക്കുന്നുണ്ടെങ്കില്‍ അവ വിദഗ്ധ നിര്‍ദേശപ്രകാരം മരുന്നിന്റെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.




