ഭര്‍ത്താവ് മദ്യപിച്ച് സ്ഥിരമായി പീഡിപ്പിക്കുന്നതിനെ തുടര്‍ന്ന് ബംഗലുരുവില്‍ ജോലിക്ക് പോയ സ്ത്രീ വീട്ടില്‍ തിരിച്ചെത്തിയത് സ്വവര്‍ഗ്ഗ പ്രണയിനിയായ സ്ത്രീയുമായി. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഉദയ്പൂര്‍വതി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മെയിന്‍പുര ഗ്രാമത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ യുവതിയുടെ കുടുംബത്തില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്.
പ്രാദേശിക പോലീസും അയല്‍ക്കാരും പറയുന്നത് അനുസരിച്ച്, വിവാഹിതയായ സ്ത്രീ മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ വീട് വിട്ടിരുന്നു. അവള്‍ പിന്നീട് ബംഗളൂരുവിലേക്ക് മാറി, അവിടെ തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു സ്ത്രീയോടൊപ്പം താമസം തുടങ്ങി. അവരുടെ ബന്ധം പ്രണയമായി പരിണമിച്ചു. പത്ത് ദിവസം മുമ്പ്, രണ്ട് പേരും വിവാഹിതയായ സ്ത്രീയുടെ ജന്മനാടായ ജുന്‍ജുനുവിലേക്ക് മടങ്ങി . ഇത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.
അവരുടെ മടങ്ങിവരവിനെയും പുതിയ ബന്ധത്തെയും കുറിച്ച് അറിഞ്ഞ മരുമക്കള്‍ വീട്ടിലെത്തി എതിര്‍പ്പ് പ്രകടിപ്പിക്കുകയും സ്ത്രീകളുമായി വഴക്കുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് സംഘര്‍ഷം നിയന്ത്രണവിധേയമാക്കി. പോലീസ് സ്ഥലത്തെത്തിയതോടെ, യുവതികള്‍ തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത ജീവിതമാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് താന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്നും ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കോ മാതാപിതാക്കളിലേക്കോ മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹിതയായ യുവതി പോലീസിനോട് പറഞ്ഞു.
നിയമപ്രകാരം പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് എങ്ങനെ, ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഞ്ചാം ക്ലാസ് വരെ പഠിച്ച, നാല് വയസ്സുള്ള ഒരു മകന്റെ അമ്മയായ യുവതി, വിവാഹ ജീവിതം ഉപേക്ഷിച്ച് പോയെന്നും ഭയമില്ലാതെ സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഈ കേസ് ഗ്രാമത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് കാരണമായി . രണ്ട് സ്ത്രീകളും പ്രായപൂര്‍ത്തിയായതിനാല്‍ ക്രിമിനല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.