Crime

‘കൊല്ലവ​നെ’; കണ്മുന്നിലിട്ട് ഭർത്താവിനെ കൊല്ലുമ്പോള്‍ ആസ്വദിച്ച് സോനം; ശേഷം കാമുകനൊപ്പവും ‘ഹണിമൂൺ’

ഇന്‍ഡോര്‍ ആസ്ഥാനമായുള്ള വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് പ്രധാനപ്രതി ഭാര്യ സോനം രഘുവംശി ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മരണപ്പെടുന്നതിന് അവര്‍ സാക്ഷിയായിരുന്നെന്നും വെളിപ്പെടുത്തല്‍. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

പ്രതികളായ നാല് പേര്‍ കുറ്റം സമ്മതിച്ചതായി ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറിയിച്ചു. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതായി നാല് പ്രതികളും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസിപി യാദവ് പറഞ്ഞു. ആദ്യത്തെ അടി അടിച്ചത് വിശാല്‍ എന്ന വിക്കി താക്കൂറായിരുന്നു. ചോദ്യം ചെയ്യലില്‍, സംഘം രാജ രഘുവംശിയെ ആക്രമിച്ചതും പിന്നീട് മൃതദേഹം ആഴത്തിലുള്ള തോട്ടിലേക്ക് എറിഞ്ഞതും എങ്ങനെയെന്ന് വെളിപ്പെടുത്തി. പ്രതികളില്‍ മൂന്ന് പ്രതികളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവര്‍ ഇന്‍ഡോറില്‍ നിന്ന് ട്രെയിനില്‍ പുറപ്പെട്ടു.

മേഘാലയയിലെത്താന്‍ അവര്‍ നിരവധി ട്രെയിനുകള്‍ മാറ്റി, ആദ്യം ഗുവാഹത്തിയിലേക്കും പിന്നീട് ഷില്ലോങ്ങിലേക്കും പോയി. സോനത്തിന്റെ കാമുകനും ഗൂഢാലോചനക്കാരനുമായി ആരോപിക്കപ്പെടുന്ന രാജ് കുശ്വാഹ ഇന്‍ഡോറില്‍ താമസിച്ചുവെങ്കിലും യാത്രച്ചെലവിനായി 40,000-50,000 രൂപ വീതം നല്‍കി മൂവര്‍ക്കും സാമ്പത്തിക സഹായം നല്‍കിയെന്നാണ് ആരോപണം.

പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്‌ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയും നിർണായകമായി.

മേഘാലയയില്‍ എത്തിയതുമുതല്‍ കാമുകന് ഫോണിലൂടെ കൃത്യമായവിവരങ്ങള്‍ യുവതി കൈമാറിയിരുന്നു. ലൈവ് ലൊക്കേഷനും പോകുന്ന സ്ഥലങ്ങളുമെല്ലാം കാമുകന് ഫോണിലൂടെ അയച്ചുനല്‍കി. തുടര്‍ന്ന് ദമ്പതിമാരെ പിന്തുടര്‍ന്ന വാടക കൊലയാളികള്‍ മേയ് 23-നാണ് കൃത്യം നടത്തിയത്.

കൊലയാളികള്‍ രാജ രഘുവംശിയെ വളഞ്ഞപ്പോള്‍ ‘കൊല്ലവ​നെ’ എന്ന് പറഞ്ഞ് സോനം ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് സോനത്തിന്റെ കണ്മുന്നില്‍വെച്ചാണ് കൊലയാളിസംഘം രാജ രഘുവംശിയെ കൊലപ്പെടുത്തിയതെന്നും യാതൊരു കൂസലുമില്ലാതെ യുവതി ഇതെല്ലാം കണ്ടുനിന്നെന്നും പോലീസ് പറഞ്ഞു.

കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം ഷില്ലോങ്ങില്‍നിന്ന് യുവതി ഇന്ദോറിലേക്ക് ട്രെയിനിലാണ് മടങ്ങിയത്. ഇന്ദോറില്‍വെച്ച് സോനവും കാമുകനായ രാജ് കുശ്വയും കണ്ടുമുട്ടി. ഇന്ദോറിലെ വാടകവീട്ടില്‍ ഇരുവരും ഒരുമിച്ച് താമസിക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് സോനം ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയത്. വാരണാസി വഴിയാണ് യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെത്തിയതെന്നും പോലീസ് പറഞ്ഞു.