ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത് യുവതിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ, കൂടുതൽ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സർട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിർണായകമായ തെളിവുകൾ പെൻ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിക്ക് കൈമാറിയത്.
യുവതി പൊലീസിന് നൽകിയ തെളിവുകളും വിവരങ്ങളും പൂർണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ല. ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല തുടങ്ങിയ വാദങ്ങളാണ് രാഹുലിന്‍റേത്. യുവതിയുടെ വാദം പൂർണമായും ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളാണ് ശനിയാഴ്ച രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. യുവതിയുമായുള്ള വാട്സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും ഇതിന്‍റെ തെളിവെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ നാല് ദിവസം കൊണ്ട് ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദവും കളവെന്ന് സ്ഥാപിക്കാനാണ് രാഹുലിന്‍റെ ശ്രമം. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും രാഹുലിന്‍റെ അഭിഭാഷകൻ അനുബന്ധ തെളിവുകൾ കൈമാറിയത്.
പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സർട്ടിഫിക്കറ്റ്.
ശനിയാഴ്ച സമർപ്പിച്ചതിന്‍റെ അനുബന്ധ തെളിവുകളാണ് ഇന്ന് സമര്‍പ്പിച്ചത്. മറ്റന്നാൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ ഇവ നിർണായകമാകുമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും രാഹുല്‍ ശബ്ദരേഖകളും വാട്സപ് ചാറ്റുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയുടെ ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതിലുണ്ടെന്നാണ് രാഹുലിന്‍റെ അഭിഭാഷകന്‍ അവകാശപ്പെട്ടത്.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സിസിടിവി ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയായിരുന്നു യാത്ര. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ കാർ മാത്രമായി പല വഴിയ്ക്ക് സഞ്ചരിച്ചു. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.




