Featured Spotlight

സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാന്‍ സുധാകരന് മേൽ സമ്മര്‍ദം; കൈകോർക്കാൻ കൈപ്പത്തി, ‘ഗൗരിയമ്മ’ ആവർത്തിക്കുമോ?

സി.പി.എം. നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദം ശക്തമാകുന്നു. പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾ സി.പി.എം. അവസാനിപ്പിച്ചതാണ് പുതിയ നീക്കങ്ങൾക്ക് വഴിതുറന്നത്. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ സുധാകരന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അദ്ദേഹം മത്സരത്തിന് തയ്യാറാണെന്ന് സൂചന നൽകിയാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ നേരിട്ട് ചർച്ചയ്ക്ക് എത്തിയേക്കും. സി.പി.എം. സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതോടെ സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അനുയായികൾ കരുതുന്നത്. യു.ഡി.എഫ്. പിന്തുണയോടെയുള്ള ഒരു ജനകീയ സ്ഥാനാർഥി എന്ന നിലയിലാകും അദ്ദേഹം പരിഗണിക്കപ്പെടുക.

സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ തന്നെ സുധാകരൻ ജനവിധി തേടണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ താല്പര്യം. എന്നാൽ കുട്ടനാടോ കായംകുളമോ വിട്ടുനൽകുന്ന കാര്യത്തിലും മുന്നണിക്കുള്ളിൽ ആലോചനകളുണ്ട്. നിലവിലെ സാഹചര്യത്തിൽ എൽ.ഡി.എഫ്. കടുത്ത വെല്ലുവിളി നേരിടുന്ന ഈ മണ്ഡലങ്ങളിൽ സുധാകരന്റെ സാന്നിധ്യം വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് ചില അഭിപ്രായ സർവേകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയ്ക്ക് പുറത്തും സുധാകരന്റെ മാറ്റം രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. പണ്ട് കെ.ആർ. ഗൗരിയമ്മ പാർട്ടി വിട്ടതിന് ശേഷം ജില്ലയിൽ സി.പി.എം. നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറിയേക്കാം. അതേസമയം, അമ്പലപ്പുഴയിൽ സിറ്റിങ് എം.എൽ.എ. എച്ച്. സലാം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *