Lifestyle

രാഷ്ട്രപതി തൊഴുന്ന ചിത്രത്തില്‍ മാളികപ്പുറം ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ; എക്സിൽനിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍

മാളികപ്പുറത്ത് തൊഴുതുനില്‍ക്കുന്ന രാഷ്ട്രപതിയുടെ ചിത്രം എക്സില്‍ നിന്ന് പിന്‍വലിച്ച് രാഷ്ട്രപതിഭവന്‍. ചിത്രത്തില്‍ ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഗ്രഹത്തിന്റെ ചിത്രമെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിനുതാഴെ നിരവധി വിമര്‍ശന കമന്റുകളാണ് വന്നത്. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പേജില്‍ നിന്ന് നീക്കിയത്.

ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർ‌ണർ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.

നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽനിന്നു ഡൽഹിക്കു തിരിക്കും.