Crime

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചുകൊന്നു, മൃതദേഹം കത്തിച്ച് ജനക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. മൃതദേഹം കത്തിച്ച് ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദാ ഉള്ളടക്കം പങ്കുവച്ച ഡോ. ഷാനവാസ് കാന്‍ബറാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ മിര്‍പുര്‍ഖാസിനുസമീപം ബുധനാഴ്ച രാത്രിയായിരുന്നു പോലീസ് വെടിവയ്പ്പ്.

കീഴടങ്ങാന്‍ കൂട്ടാക്കാതെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഷാനവാസ് തങ്ങള്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് ഉദ്യോഗസ്ഥരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിനു ശേഷമാണ് മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് അന്വേഷിക്കുന്ന ആളെയാണ് കൊലപ്പെടുത്തിയതെന്ന് മനസിലായതെന്ന് പോലീസ് അവകാശപ്പെട്ടു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും മതനിന്ദാപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ പങ്കില്ലെന്നും അവകാശപ്പെടുന്ന വീഡിയോ വെടിവയ്പ്പിനുമുമ്പ് ഡോക്ടര്‍ പുറത്തുവിട്ടിരുന്നു. ഉമര്‍കോട്ടില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ രോഷാകുലരായ പ്രകടനക്കാര്‍ അദ്ദേഹത്തിന്റെ ക്ലിനിക്കിന് തീയിട്ടിരുന്നു.

പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഷാനവാസിന്റെ മൃതദേഹം സംസ്‌കരിക്കാനായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ജന്മനാടായ ജാന്‍ഹീറോയിലേക്ക് കൊണ്ടുവന്നിരുന്നു. മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം തടിച്ചുകൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ മൃതദേഹം ഉപേക്ഷിച്ച് വീട്ടുകാര്‍ പ്രാണരക്ഷാര്‍ഥം ഓടി. ഉപേക്ഷിക്കപ്പെട്ട വാഹനത്തിലുണ്ടായിരുന്ന കാന്‍ബറിന്റെ മൃതദേഹം കത്തിക്കുകയും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതില്‍നിന്ന് ജനക്കൂട്ടം കുടുംബത്തെ തടയുകയും ചെയ്തു.