ആലപ്പുഴ: അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടും നിലപാട് മാറ്റാതെ ജി. സുധാകരന്‍ . മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ് സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി.
ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്‌ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ അവരെ അറിയിച്ചു.
അതോടെ, സുധാകരന്‍ പാര്‍ട്ടി വിട്ടാല്‍ പ്രതിരോധിക്കാനുള്ള നീക്കത്തിനു സി.പി.എമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മിറ്റി ചേര്‍ന്ന് സുധാകരന്റെ വിഷയം ചര്‍ച്ചചെയ്‌തു.
സി.പി.എം. ജില്ലാ, സംസ്‌ഥാന നേതൃത്വങ്ങള്‍ക്കെതിരേ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുകയും പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌ത ശേഷം ഒരാഴ്‌ചയായി മൗനം പാലിച്ച മുന്‍മന്ത്രി ജി. സുധാകരന്‍ ഇന്ന് തന്റെ നിലപാട് പ്രഖ്യാപിക്കും. വസതിയായ പറവൂരിലെ ‘നവനീത’ത്തില്‍ രാവിലെ 11ന് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി അഭ്യൂഹങ്ങള്‍ക്കു വിരാമമിടും.
സുധാകരന്‍ സ്വതന്ത്രനായി മത്സരരംഗത്തു വന്നാല്‍ സ്വന്തം സ്‌ഥാനാര്‍ഥിയെ നിര്‍ത്താതെ പുറത്തുനിന്നു പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. സുധാകരനെ പോലൊരു മുതിര്‍ന്ന നേതാവ് സി.പി.എം. വിട്ട് കോണ്‍ഗ്രസ് ചേരിക്കൊപ്പം വരുന്നത് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണു നേതാക്കളുടെ വിലയിരുത്തല്‍. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന പ്രചാരണത്തിന് ഈ നീക്കം കരുത്തുപകരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.




