മിർസാപൂരിൽ നിന്നുള്ള ഞെട്ടിക്കുന്ന വാർത്തയാണിത്. വീട്ടിലേക്ക് മൂര്ഖന് പാമ്പ് ഓടി കയറിയപ്പോൾ അവിടുത്തെ രണ്ട് വളർത്തുനായകൾ യജമാനനോടുള്ള കൂറും ധീരതയും പ്രകടിപ്പിച്ചു. വീട്ടിലെ മറ്റേതെങ്കിലും അംഗങ്ങളെ ആക്രമിക്കുന്നതിന് മുമ്പ് നായകൾ രണ്ടും ചേർന്ന് പാമ്പുമായി പോരാടി അതിനെ വീട്ടിൽ നിന്ന് പുറത്താക്കി.
പോരാട്ടത്തിനിടെ പാമ്പ് ചത്തുവീണു. അതേസമയം, പാമ്പ് കടിയേറ്റതിനെ തുടർന്ന് നായകളിലൊന്നിനും ജീവൻ നഷ്ടപ്പെട്ടു. മിർസാപൂരിലെ ചാൻബെ ബ്ലോക്കിലെ ബാബുര ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. റാണാ സിംഗിന്റെ കുടുംബത്തിലെ വളർത്തുനായകളായ ബാദലും ഗ്രേസും ആണ് വീട്ടിൽ പ്രവേശിച്ച മൂര്ഖനിൽ നിന്ന് കുടുംബാംഗങ്ങളെ രക്ഷിക്കാൻ പോരാടിയത്. ഒരു ജെർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയായ ബാദൽ കോബ്രയെ വീടിന് പുറത്തേക്ക് വയലിലേക്ക് ഓടിച്ചു. പോരാട്ടത്തിനിടെ പാമ്പ് ബാദലിനെ മൂന്ന് തവണ കടിച്ചു, എന്നിട്ടും പിന്മാറാൻ കൂട്ടാക്കാതെ നായ അവസാനം പാമ്പിനെ കൊന്നു.
ഇതിന് തൊട്ടുപിന്നാലെ, മുറിവേറ്റ ബാദലും ജീവൻ വെടിഞ്ഞു. കൂറുള്ള തങ്ങളുടെ കൂട്ടുകാരന് കുടുംബം ആദരപൂർവ്വമായ അന്ത്യകർമ്മങ്ങൾ നടത്തി. നായകൾ സ്വന്തം ജീവൻ പോലും വകവെക്കാതെ, പാമ്പ് ചാവുന്നതുവരെ പോരാടിയതിനെ നെറ്റിസൺസ് അഭിനന്ദിക്കുന്നുണ്ട്. അതേസമയം, പോരാട്ടം കണ്ടുനിന്നുകൊണ്ട് ഫോണിൽ റെക്കോർഡ് ചെയ്യുന്നതിന് പകരം നായയെ പാമ്പ് കടിയിൽ നിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് പറഞ്ഞുകൊണ്ട് ഉപയോക്താക്കൾ ദൃക്സാക്ഷികളെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവം മുഴുവനായും അവിടെ ഉണ്ടായിരുന്നവർ റെക്കോർഡ് ചെയ്യുകയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.
നായകളുടെ ധീരതയ്ക്ക് നെറ്റിസൺസിൽ നിന്ന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.




