തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വന്‍ ട്വിസ്റ്റ്. നടന്നത് ഹണിട്രാപ്പെന്ന് ബെംഗളുരു ബാനസവാടി പൊലീസ് . പരാതിക്കാരിയടക്കം 5പേര്‍ അറസ്റ്റിലുമായി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്ന, സഹായി സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, ഇയാളുടെ സഹായികളായ സജിത്ത്, ആലം എന്നിവര്‍ പിടിയിലായത്. ശരത് മേനോനും കൂട്ടാളികളും രത്നയെ ഉപയോഗിച്ച് അരുണിനെ ഹണിട്രാപ്പില്‍ കുടുക്കിയതാണന്നാണ് കണ്ടെത്തല്‍. കേസില്‍ മലയാളികളായ ചിലര്‍ കൂടി പിടിയിലാകാനുണ്ട്.
ജൂണ്‍ പതിനാറിന് ദേവസ്ഥാനം ഉടമ ഉണ്ണി ദാമോദരന്റെ മരുമകന്‍ അരുണിനെ ബെംഗളുരു പൊലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പൂജകള്‍ക്കായെത്തിയ ബെംഗളുരു സ്വദേശിനിയെ സൗഹൃദം നടിച്ചു വീഡിയോ കോളില്‍ നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. അരുണിനെ ആസൂത്രിതമായി പെടുത്തിയതാണന്നു കുടുംബം കര്‍ണാടക ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കി. കേസിൽ നിന്ന് ഒഴിവാക്കാൻ ബെംഗളൂരു പൊലീസ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടെന്നും പരാതി ഉന്നയിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലാണു ശരത് മേനോനും കൂട്ടാളികളും ചേർന്നു രത്നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയതിനു തെളിവു ലഭിച്ചത്. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും 8 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്ന് രത്ന മൊഴി നൽകിയിട്ടുണ്ട്.
ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലി ദീര്‍ഘനാളായി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഹണിട്രാപ്പൊരുക്കിയതെന്നാണു സൂചന. നേരത്തെ അറസ്റ്റിലായ അരുണിനു 45 ദിവസത്തിനുശേഷമാണ് ജാമ്യം കിട്ടിയത്.
ബന്ധുവായ കെ.വി.പ്രവീൺ ആണ് തങ്ങളെ കുടുക്കാൻ പദ്ധതി ആസൂത്രണം നടത്തിയതെന്നാണ് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഉണ്ണി ദാമോദരന്റെ അധികാരം ചോദ്യം ചെയ്ത് സഹോദരങ്ങളും മക്കളും നൽകിയ പരാതികൾ കോടതിയിൽ ഉണ്ട്. സഹോദരങ്ങൾക്കെതിരെ വധശ്രമത്തിനും അന്തിക്കാട് പൊലീസിൽ കേസ് ഉണ്ട്.




