പനിക്കും വേദനയ്ക്കും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നായ പാരസെറ്റമോൾ ഗർഭകാലത്ത് കഴിക്കുന്നത് നവജാതശിശുക്കളിൽ ഓട്ടിസം, എ.ഡി.എച്ച്.ഡി (അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്നിവയുൾപ്പെടെയുള്ള ചില ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകൾക്ക് കാരണമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം.
ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്ന പാരസെറ്റമോൾ, ക്രോസിൻ അല്ലെങ്കിൽ ഡോലോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലും ലഭ്യമാണ്. ലോകമെമ്പാടുമുള്ള പകുതിയിലധികം ഗർഭിണികളും ഈ മരുന്ന് ഉപയോഗിക്കുന്നു. മറ്റ് വേദന സംഹാരികളെ അപേക്ഷിച്ച് ഇത് സുരക്ഷിതമാണെന്ന് വളരെക്കാലമായി കരുതപ്പെട്ടിരുന്നു, എന്നാൽ ശാസ്ത്രജ്ഞർ ഇപ്പോൾ ഈ ധാരണയെ ചോദ്യം ചെയ്യുകയാണ്.
പഠനം കണ്ടെത്തിയതെന്ത്?
മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇക്വിറ്റി റിസർച്ച് എന്നിവിടങ്ങളിലെ ഗവേഷകർ ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതും കുട്ടികളുടെ വികാസവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ പതിറ്റാണ്ടുകളായി നടന്ന ശാസ്ത്രീയ പഠനങ്ങൾ അവലോകനം ചെയ്തു.
എൻവയോൺമെന്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച 46 പഠനങ്ങൾ പരിശോധിച്ചതിൽ 27 എണ്ണത്തിലും ഗർഭകാലത്ത് പാരസെറ്റമോൾ ഉപയോഗിക്കുന്നതും ഓട്ടിസം, എ.ഡി.എച്ച്.ഡി, അല്ലെങ്കിൽ മറ്റ് ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകൾ (NDDs) പോലുള്ള അവസ്ഥകളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി.
9 പഠനങ്ങളിൽ യാതൊരു ബന്ധവും കണ്ടെത്തിയില്ല, 4 പഠനങ്ങളിൽ ഇത് ഗുണകരമാണെന്ന് സൂചനയുണ്ടെങ്കിലും ഇവ വിശ്വസനീയമല്ല.
വൈകല്യങ്ങള്‍ ഏതുതരത്തില്‍?
*ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), അതായത് സാമൂഹിക ഇടപഴകൽ, ആശയവിനിമയം, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു വൈകല്യമാണിത്. നേരിയ തോതില്‍ മുതല്‍ തീവ്രമായ ലക്ഷണങ്ങള്‍ വരെ കുഞ്ഞുങ്ങളില്‍ കണ്ടേക്കാം.
*എഡിഎച്ച്ഡി (അറ്റൻഷൻ-ഡെഫിസിറ്റ്/ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ), അതായത് കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വയം നിയന്ത്രിക്കാനും ശാന്തമായി ഇരിക്കാനും ബുദ്ധിമുട്ടുള്ള അവസ്ഥ.
*എന്‍ഡിഡിഎസ് അഥവാ നാഡീവികാസ വൈകല്യങ്ങൾ (NDDs), തലച്ചോറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രശ്നങ്ങളാണിത്. പഠനപരമായോ, പെരുമാറ്റപരമായോ, ആശയവിനിമയപരമായോ ഉള്ള ബുദ്ധിമുട്ടുകളിലേക്കാണ് ഈ കാര്യങ്ങള്‍ കുഞ്ഞുങ്ങളെ നയിക്കുക.
തീര്‍ത്തും ആശങ്കാജനകമായ ഒരു പഠനറിപ്പോര്‍ട്ടാണിതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഗർഭിണിയായ സ്ത്രീക്ക് പനി, തലവേദന, അല്ലെങ്കിൽ ശരീരവേദന എന്നീ അവസ്ഥയില്‍ ഡോക്ടർമാർ സാധാരണയായി ആദ്യം നിർദ്ദേശിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. ആസ്പിരിന്‍ പോലുള്ള ശക്തമായ മരുന്നുകളൊന്നും നല്‍കാതെ സുരക്ഷിതമായി നല്‍കിയിരുന്നതാണ് പാരസെറ്റമോള്‍. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കരുത് എന്നല്ല പറയുന്നത്, ജാഗ്രതയോടെ വേണം ഉപയോഗിക്കാന്‍ എന്നുള്ളതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
എങ്ങനെ ഉപയോഗിക്കാം?
- ഏറ്റവും അത്യാവശ്യഘട്ടത്തില്‍ മാത്രം പാരസെറ്റമോൾ ഉപയോഗിക്കുക.
- ഫലപ്രദമായ ഡോസ് മാത്രം ഉപയോഗിക്കുക.
- ഗർഭകാലത്ത് സ്വയചികിത്സ വേണ്ട, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക




