Crime

നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച 18കാരി മകളെ കഴുത്തറുത്ത് കൊന്നു; പാക് ദമ്പതികള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം

മകളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്താന്‍കാരായ മാതാപിതാക്കള്‍ക്ക് ഇറ്റലിയില്‍ ജീവപര്യന്തം ശിക്ഷ. നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാതിരുന്നതിന് 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇറ്റലിയിലെ ബൊളോണയില്‍ വെച്ച് 2021 മെയ് മാസം കാണാതായ സമന്‍ അബ്ബാസാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഒരു ബന്ധുവുമായി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം പെണ്‍കുട്ടി തള്ളുകയായിരുന്നു.

തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ തന്നെ അവളെ കൊല്ലാന്‍ ഉത്തരവിട്ടതാണെന്നും അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കോടതി കണ്ടെത്തി. മാതാപിതാക്കളായ ഷബ്ബാര്‍ അബ്ബാസ്, നാസിയ ഷഹീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും അമ്മാവന്‍ ഡാനിഷ് ഹസ്‌നൈന് 14 വര്‍ഷത്തെ തടവും വിധിച്ചു. രണ്ട് ബന്ധുക്കള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനാല്‍ അവരെ മോചിപ്പിച്ചു.

മധ്യ ഇറ്റലിയിലെ റെജിയോ എമിലിയയിലെ ട്രൈബ്യൂണലാണ് മാതാപിതാക്കളെയും ബന്ധുവിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2021 മെയ് 1 ന് സ്വന്തം കുടുംബം തന്നെ അവളെ കൊലപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. വടക്കന്‍ ഇറ്റലിയില്‍ അവളുടെ പിതാവ് ജോലി ചെയ്തിരുന്ന വയലുകള്‍ക്ക് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട ഫാം ഹൗസില്‍ 2022 നവംബറില്‍ സമന്റെ മൃതദേഹം കുഴിച്ചെടുക്കുകയായിരുന്നു. നിരീക്ഷണ ക്യാമറയിലെ വീഡിയോയില്‍ രക്ഷിതാക്കള്‍ക്കൊപ്പം വയലുകള്‍ക്ക് സമീപം നടക്കുന്ന നിലയിലായിരുന്നു അവളെ അവസാനമായി കണ്ടത്.

കൊലപാതകത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ മാതാപിതാക്കള്‍ മിലാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് പറക്കുകയും ചെയ്തു. ഓഗസ്റ്റില്‍ പാകിസ്ഥാനില്‍ നിന്ന് നാടുകടത്തപ്പെട്ട അബ്ബാസിന്റെ പിതാവ് കോടതിയില്‍ കണ്ണീരോടെയുള്ള പ്രസ്താവനയില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. ഭാര്യ ഷഹീന്‍ ഹാജരാകാതെ തന്നെ വിചാരണ ചെയ്യപ്പെട്ടു. ഇപ്പോഴും അവര്‍ പാകിസ്ഥാനില്‍ ഉണ്ടെന്ന് കരുതുന്നു.

അടുത്ത കാലത്തായി ഇറ്റലിയില്‍ നടന്ന നിരവധി ക്രിമിനല്‍ അന്വേഷണങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച കേസായിരുന്നു ഇത്. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ യുവതിയുടെ കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞതായും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നും പോസ്റ്റ്മോര്‍ട്ടം കണ്ടെത്തി. പാകിസ്താനില്‍ നിന്നും കൗമാര പ്രായത്തില്‍ തന്നെ ഇറ്റലിയിലേക്ക് കുടിയേറിയയാളാണ് സമന്റെ പിതാവ് അബ്ബാസ്. വടക്കന്‍ ഇറ്റലിയിലെ എമിലിയ-റൊമാഗ്‌നയിലെ നോവെല്ലറ എന്ന ഫാം ടൗണിലായിരുന്നു താമസം.

നാട്ടുകാരായ ആരെയെങ്കിലും വിവാഹം കഴിക്കണമെന്നായിരുന്നു കുടുംബത്തിന്റെ താല്‍പ്പര്യം. എന്നാല്‍ ഇതിനോട് സമന് താല്‍പ്പര്യം ഇല്ലായിരുന്നു. കുടുംബം പാകിസ്താനിലെ പരമ്പരാഗത രീതിയില്‍ ജീവിച്ചപ്പോള്‍ സമന്‍ അതിനെ എതിര്‍ത്തു. ശിരോവസ്ത്രം ഉപയോഗിക്കാതിരിക്കുക, ഐലൈനര്‍ ധരിക്കുക, ഇഷ്ടമുള്ള ഒരു യുവാവുമായി ഡേറ്റിംഗ് ചെയ്യുക തുടങ്ങിയ പാശ്ചാത്യ രീതികളായിരുന്നു സമന് താല്‍പ്പര്യം.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, അവളും അവളുടെ പാകിസ്ഥാന്‍ കാമുകനും ബൊലോഗ്‌നയിലെ ഒരു തെരുവില്‍ ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ഈ ദൃശ്യം മാതാപിതാക്കളെ പ്രകോപിപ്പിച്ചതോടെയാണ് അവര്‍ പാകിസ്ഥാനിലെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചത്. സ്വന്തം നാട്ടിലെ പ്രായമായ ഒരാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ തന്റെ ജീവനെ കുറിച്ച് ഭയമുണ്ടെന്ന് സമന്‍ കാമുകനോട് പറഞ്ഞിരുന്നതായി ഇറ്റാലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതോടെ സമന്‍ മാതാപിതാക്കളെക്കുറിച്ച് പോലീസിനോട് പറയുകയും സാമൂഹിക പ്രവര്‍ത്തകര്‍ അവളെ 2020 നവംബറില്‍ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 2021 ഏപ്രിലില്‍ അവള്‍ അവള്‍ വീണ്ടും വീട്ടിലേക്ക് പോയി. പാസ്പോര്‍ട്ട് എടുത്ത് കാമുകനോടൊപ്പം ഒരു പുതിയ ജീവിതം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ താമസിയാതെ അവള്‍ അപ്രത്യക്ഷയാകുകയായിരുന്നു. തുടര്‍ന്ന് കാമുകന്‍ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് മെയ് മാസത്തില്‍ കുടുംബവീട് റെയ്ഡ് നടത്തുകയും ആയിരുന്നു. മാതാപിതാക്കള്‍ അപ്പോഴേക്കും പാകിസ്ഥാനിലേക്ക് പോയിരുന്നു.

കൊലപാതകത്തെക്കുറിച്ച് അച്ഛന്‍ പറയുന്നത് താന്‍ കേട്ടിരുന്നുവെന്നും അമ്മാവനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും സമന്റെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 30 മുതല്‍ മെയ് 1 വരെയുള്ള ദിവസങ്ങളിലെ ഒരു രാത്രിയില്‍ യുവതി കൊല്ലപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. സമനെ കാണാതായി അഞ്ചര മണിക്കൂര്‍ കഴിഞ്ഞ് അഞ്ച് പേര്‍ ആയുധങ്ങളും ബക്കറ്റുകളുമായി കുടുംബവീട്ടില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും കിട്ടിയിരുന്നു.