രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കെ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ശനിയാഴ്ച പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍ എന്നിവരോടൊപ്പം ശ്രേയസ് അയ്യരെയും ടീം ഒഴിവാക്കി.
താരത്തിന് പരിക്കേറ്റെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ താരത്തിന് പരിക്കേറ്റതല്ലെന്നും ഒഴിവാക്കിയതാണെന്നുമാണ് പുതിയ വിവരം. താരം പുലര്‍ത്തുന്ന മോശം ഫോമാണ് ടീമില്‍ നിന്നും പുറത്തുകളയാന്‍ കാരണമെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്നും താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത് വെറും 191 റണ്‍സാണ്. ടീമില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ളത് രജത് പറ്റീദാര്‍, സര്‍ഫാറസ് ഖാന്‍ എന്നിവരെയാണ്.
ശ്രേയസ് അയ്യരുടെ മോശം ഫോമിലും അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുന്നത് ബിസിസിഐയ്ക്ക് മേല്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. ഒടുവില്‍ താരത്തെ പുറത്താക്കാന്‍ തന്നെ സെലക്ടര്‍മാര്‍ തീരുമാനം എടുക്കുകയായിരുന്നു.
ടീമില്‍ നിന്ന് മുന്‍ നായകന്‍ വിരാട് കോഹ്ലിയെ ഒഴിവാക്കിയത് ബിസിസിഐ ശനിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വ്യക്തിഗത കാരണങ്ങളാല്‍ 35 കാരനായ അദ്ദേഹത്തിന് പരമ്പര നഷ്ടമാകും. അതായത് ഇംഗ്ലണ്ടിനെതിരെ 2000 ടെസ്റ്റ് റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ കാത്തിരിക്കേണ്ടി വരും. നിലവില്‍ 1991 റണ്‍സ് പേരിലുള്ള താരത്തിന് ഇംഗ്‌ളണ്ട് എന്ന ഏക എതിരാളികള്‍ക്ക് എതിരേ 2000 റണ്‍സ് തികയ്ക്കാന്‍ 52 റണ്‍സ് മതിയാകും.