Crime Featured

ഫോണില്‍ കൊറിയന്‍ സുഹൃത്തിനെക്കുറിച്ച്‌ സൂചനയില്ല: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം വഴിമുട്ടി

കൊച്ചി: തിരുവാങ്കുളത്തെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കാരണം കണ്ടെത്താനാകാതെ പോലീസ്‌. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെപ്പറ്റി പോലീസിനു സൂചനയൊന്നും ലഭിക്കാതെ വന്നതോടെയാണ്‌ അന്വേഷണം പ്രതിസന്ധിയിലായത്‌.

ഏറെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ്‌ തുറന്നുപരിശോധിച്ചിരുന്നു. എന്നാല്‍, ഫോണിലെ ഇന്‍സ്‌റ്റാഗ്രാം, വാട്‌സ്‌ആപ്പ്‌ ചാറ്റുകളെല്ലാം ഡിലീറ്റ്‌ ചെയ്‌ത നിലയിലാണ്‌. ഇതാണു പോലീസ്‌ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്‌.

ജനുവരി 27 നാണു 16 കാരിയായ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. വീടിന്‌ സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ്‌ മൃതദേഹം ഉണ്ടായിരുന്നത്‌. കുട്ടിയുടെ ബാഗ്‌ പരിശോധിച്ചപ്പോള്‍ അതില്‍നിന്ന്‌ ആത്മഹത്യാക്കുറിപ്പ്‌ ലഭിച്ചിരുന്നു. ഇന്‍സ്‌റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ്‌ മരിച്ചതില്‍ മനംനൊന്താണു ജീവനൊടുക്കുന്നതെന്നാണ്‌ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍, കൊറിയന്‍ സുഹൃത്ത്‌ എന്ന പേരില്‍ മറ്റാരെങ്കിലും ആദിത്യയെ പറ്റിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്‌.

അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കൊറിയന്‍ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം പെണ്‍കുട്ടി ചെലവഴിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടിക്ക്‌ കൊറിയന്‍ സുഹൃത്തിന്റേത്‌ എന്ന പേരില്‍ വാച്ച്‌ അടക്കമുള്ള ചില സമ്മാനങ്ങള്‍ ലഭിച്ചിരുന്നതായും സൂചനയുണ്ടായിരുന്നു. പെണ്‍കുട്ടിയെ കബളിപ്പിക്കാനായി മറ്റാരെങ്കിലും ഇത്‌ ചെയ്‌തതാണോ എന്ന സംശയവും സജീവമാണ്‌. ഇക്കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ്‌ സൂചന.

Leave a Reply

Your email address will not be published. Required fields are marked *