തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു. കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റില്‍ ക്ഷതം ഏറ്റതായി നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്.
മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം കുഞ്ഞ് കുഴഞ്ഞുവീണു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്.
ബിസ്കറ്റ് ഉള്ളിൽ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. വായിൽ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും അമ്മ കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തുടർന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും പ്രാഥമിക നിഗമനങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ചു താമസം തുടങ്ങിയതെന്നും കൃഷ്ണപ്രിയയുടെ ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് നിലത്തു വീണോയെന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ രക്ഷിതാക്കളോട് ആരാഞ്ഞെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.
സംഭവത്തിൽ നിരപരാധിയെന്ന് മാതാവ് കൃഷ്ണപ്രിയ പറഞ്ഞു. കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഭർത്താവുമായി സംസാരിക്കാറില്ലെന്നും കൃഷ്ണപ്രിയ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുഞ്ഞിനോട് പിതാവ് ഷിജിന് ഇഷ്ടക്കേടുള്ളതായി തോന്നിയിരുന്നു ഭർത്താവ് മടിയിൽ ഇരുത്തിയ ശേഷമാണ് മുൻപും കുഞ്ഞിന്റെ കൈയിൽ പൊട്ടൽ ഉണ്ടായിട്ടുള്ളത്. ഷിജിൻ കുഞ്ഞിനെ കൊന്നു എന്നറിഞ്ഞതിന്റെ ഞെട്ടൽ ഉണ്ടെന്നും കൃഷ്ണപ്രിയ മൊഴി നൽകി.




