ഇന്റർനെറ്റ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. നമുക്ക് എന്തെങ്കിലും മനസ്സിലാകാത്തപ്പോഴോ ഒരു വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുമ്പോഴോ നമ്മൾ ആദ്യം ഗൂഗിളിനെയാണ് ആശ്രയിക്കാറ്. എന്നാൽ, എല്ലാം ഗൂഗിളിൽ തിരയാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? അതെ, അത് ശരിയാണ്, കാരണം ചില തിരയലുകൾ നിങ്ങളെ ഗുരുതരമായ പ്രശ്നങ്ങളിൽ കൊണ്ടുചെന്ന് എത്തിച്ചേക്കാം.
നിങ്ങളുടെ IP വിലാസം (നിങ്ങളുടെ ഉപകരണത്തിന്റെ ഡിജിറ്റൽ ഐഡി) ട്രാക്ക് ചെയ്യാൻ കഴിയും, നിങ്ങൾ സംശയാസ്പദമായ എന്തെങ്കിലും തിരയുകയാണെങ്കിൽ, രഹസ്യാന്വേഷണ ഏജൻസികളോ പോലീസോ നിങ്ങളുടെ വീട്ടിലെത്താൻ സാധ്യതയുണ്ട്. ചിലപ്പോൾ നിങ്ങൾ ജയിലിൽ പോലും ആയെന്ന് വരാം. ഗൂഗിളിൽ തിരയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ?
ബോംബ് ഉണ്ടാക്കുന്നതിനെക്കുറിച്ച്
നിങ്ങൾ തിരയാൻ പാടില്ലാത്തതിൽ ഏറ്റവും അപകടകരമായ ഒന്നാണ് ബോംബ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആയുധം എങ്ങനെ നിർമ്മിക്കാമെന്ന് തിരയുന്നത്. ഇങ്ങനെയുള്ള തിരയലുകൾ ദേശീയ സുരക്ഷാ ഏജൻസികൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെയെന്തെങ്കിലും നിങ്ങൾ തിരയാൻ ശ്രമിക്കുകയാണെങ്കിൽ, അത് അപകടമായി മാറിയേക്കാം.
അധികാരികൾ ഇതിനെ ഒരു സംശയാസ്പദമായ പ്രവർത്തനമായി കണക്കാക്കിയേക്കാം, പ്രാദേശിക പോലീസ് നിങ്ങളെ ചോദ്യം ചെയ്യാൻ വന്നെന്നും വരാം. നിയമവിരുദ്ധമോ ദോഷകരമോ ആയ ഏതെങ്കിലും പ്രവർത്തനവുമായി നിങ്ങൾക്ക് ബന്ധമുണ്ടെന്ന് അവർ കണ്ടെത്തുകയാണെങ്കിൽ, നിങ്ങളെ അറസ്റ്റ് ചെയ്തെന്നും വരാം.
ഉപകരണങ്ങൾ എങ്ങനെ ഹാക്ക് ചെയ്യാം?
നിങ്ങൾ ഗൂഗിളിൽ “ഒരു ഉപകരണം എങ്ങനെ ഹാക്ക് ചെയ്യാം,” “പാസ്സ് വേർഡുകൾ എങ്ങനെ തകർക്കാം” എന്നിങ്ങനെയുള്ള കാര്യങ്ങൾ തിരയുകയോ ഹാക്കിംഗ് ടൂളുകൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ, നിങ്ങൾ സൈബർ ക്രൈം യൂണിറ്റിന്റെ നിരീക്ഷണത്തിൽ വന്നേക്കാം. ഹാക്കിംഗ് എങ്ങനെ ചെയ്യണമെന്ന് വെറുതെ നോക്കുന്നത് പോലും നിങ്ങളെ സംശയാസ്പദമായ വ്യക്തിയാക്കി മാറ്റിയേക്കാം,.
പൈറേറ്റഡ് സിനിമകൾ
പലരും OTT സബ്സ്ക്രിപ്ഷനോ സിനിമ ടിക്കറ്റോ എടുക്കാതിരിക്കാൻ ഗൂഗിളിൽ സൗജന്യ സിനിമകൾ തിരയാറുണ്ട്. അങ്ങനെ തിരയുമ്പോൾ പലപ്പോഴും പൈറേറ്റഡ് സിനിമകളാണ് അവർ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്നത്. ഇതും നിയമത്തിന് എതിരാണ്.
പൈറേറ്റഡ് ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നതോ സ്ട്രീം ചെയ്യുന്നതോ ഇന്ത്യയിലെ പകർപ്പവകാശ നിയമങ്ങൾ അനുസരിച്ച് ഒരു ക്രിമിനൽ കുറ്റമാണ്. പിടിക്കപ്പെട്ടാൽ വലിയ തുക പിഴയോ ജയിൽ ശിക്ഷയോ ലഭിച്ചെന്ന് വരാം.
കുട്ടികളുടെ അശ്ലീല ഉള്ളടക്കം
കുട്ടികളുടെ അശ്ലീല ഉള്ളടക്കം ഗൂഗിളിൽ തിരയുന്നത് തെറ്റ് മാത്രമല്ല, ഗുരുതരമായ ഒരു ക്രിമിനൽ കുറ്റം കൂടിയാണ്. ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും ഇത്തരം തിരച്ചിലുകൾ നിയമവിരുദ്ധമാണ്. ഇങ്ങനെയുള്ള ഉള്ളടക്കം തിരയാൻ നിങ്ങൾ ശ്രമിച്ചാൽ, ഇന്ത്യയിലെ POCSO നിയമപ്രകാരം (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം) നിങ്ങൾക്ക് കർശനമായ നിയമനടപടികൾ നേരിടേണ്ടിവരും. ശിക്ഷയായി ദീർഘകാല തടവും കനത്ത പിഴയും ലഭിച്ചേക്കാം.
സൈബർ ക്രൈം യൂണിറ്റ് ഇത്തരം ഓൺലൈൻ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്, ഇത് ചെയ്യുന്ന ആരെയും ട്രാക്ക് ചെയ്യാനും അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും കഴിയും. അതിനാൽ, ഇന്റർനെറ്റിൽ നിയമവിരുദ്ധമോ അക്രമപരമോ അനുചിതമോ ആയ കാര്യങ്ങൾ തിരയുന്നത് ഒഴിവാക്കി സുരക്ഷിതമായിരിക്കുന്നതാണ് എപ്പോഴും നല്ലത്.




