കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് വേനല്‍ക്കാലത്ത് പ്രത്യേകം ശരീരത്തെ സംരക്ഷിക്കണം. ഇതിന് മിക്കവരും ഉപയോഗിയ്ക്കുന്നത് സണ്‍സ്‌ക്രീന്‍ തന്നെയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാല്‍ ഇതിന്റെ വില കൊണ്ടു തന്നെ എല്ലാവര്‍ക്കും വാങ്ങി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത സാധനങ്ങളും. ഇവ നമുക്ക് ഉപയോഗിയ്്ക്കാവുന്നതാണ്……
ഷിയ ബട്ടര്‍ – ഷിയ മരത്തില്‍ നിന്നും പ്രകൃതിദത്തമായി വേര്‍തിരിച്ചെടുക്കുന്ന ഒരുതരം കൊഴുപ്പാണ് ഷിയ ബട്ടര്‍. ധാരാളം ഫാറ്റി അസിഡും, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയും ഷിയ ബട്ടറില്‍ അടങ്ങിയിരിക്കുന്നു. ചര്‍മത്തില്‍ പുരട്ടുമ്പോള്‍ വെണ്ണ പോലെ ഉരുകി, ചര്‍മത്തിന് തിളക്കവും മോയ്സ്ച്വറാസിംഗ് എഫക്ടും നല്‍കുന്ന ഷിയ ബട്ടര്‍ ചര്‍മ സംരക്ഷണത്തിന് അത്യുത്തമമാണ്. വെയിലത്ത് ഇറങ്ങുമ്പോള്‍ ചര്‍മത്തില്‍ ഷിയ ബട്ടര്‍ പുരട്ടിയതിന് ശേഷം മേക്കപ്പ് ഇടുന്നത് നല്ലതായിരിക്കും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത് ഏറെ സഹായിക്കുന്നു.
കറ്റാര്‍വാഴ – കറ്റാര്‍വാഴ തണ്ടെടുത്ത്, അതില്‍ നിന്നും മഞ്ഞ ദ്രാവകം കളഞ്ഞതിനു ശേഷം കറ്റാര്‍വാഴ ജെല്‍ എടുത്ത് പതിവായി പുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ചര്‍മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചുളിവ് അകറ്റാനുമൊക്കെ മികച്ചതാണ്. ചര്‍മത്തിന് യുവത്വം നല്‍കാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നു.
വെളിച്ചെണ്ണ – വെളിച്ചെണ്ണയില്‍ പോഷകങ്ങള്‍ അനവധിയാണ്. സൂര്യതാപം മൂലം ഉണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാക്കാനും, ചൂട് ഏല്‍ക്കുന്നത് മൂലം ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, ചര്‍മത്തെ മോയ്സ്ചറൈസ് ചെയ്ത് നിര്‍ത്താനും വെളിച്ചെണ്ണ വളരെ നല്ലതാണ്. ചര്‍മത്തെ എല്ലായ്‌പ്പോഴും ജലാംശത്തോടെ നിലനിര്‍ത്താനും മികച്ചതാണ്. സൂര്യന്റെ ചൂട് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ വെളിച്ചെണ്ണ സഹായിക്കും. പക്ഷേ, അധികമായി വെളിച്ചെണ്ണ തേച്ച് വെയിലില്‍ ഇറങ്ങരുത്. രാവിലെ കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടാം. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഒന്ന് രണ്ട് തുള്ളി പുരട്ടാം.