പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും ഇരുപത്തിയെട്ടിന്റെ വിശേഷവുമൊക്കെ പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു.
നൂലുകെട്ടിനായുള്ള ഒരുക്കങ്ങള്‍ നടത്തിയതിന്റെയും ചടങ്ങ് നടന്ന ദിവസത്തെ വിശദമായ വീഡിയോയും കഴിഞ്ഞ ദിവസം പേളി പങ്കിട്ടിരുന്നു. മൂത്തമകള്‍ നിലയാണെങ്കില്‍ രണ്ടാമത്തെ പെണ്‍കുഞ്ഞിന് നിതാര എന്നാണ് പേളിയും ശ്രീനിഷും പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ കുഞ്ഞനുജത്തിയെ എടുത്ത് കൊണ്ടിരിയ്ക്കുന്ന നില ബേബിയുടെ ചിത്രങ്ങളാണ് പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ” നിലയും നിതാരയും… ചിത്രത്തിന് മുമ്പും ശേഷവും… ദൈവം തെരഞ്ഞെടുത്ത ആജീവനാന്ത സുഹൃത്തുക്കള്‍. ജീവിതത്തിലുടനീളമുള്ള ബെസ്റ്റികളും സഹോദരിമാരും” – എന്നാണ് പേളി ചിത്രത്തിനൊപ്പം കുറിച്ചത്.
അമല പോള്‍, ശിവദ, ഷിയാസ് കരീം എന്നിവരുള്‍പ്പെടെ നിരവധി പേരാണ് മനോഹര ചിത്രത്തിന് കമന്റുമായി എത്തിയത്.ചിത്രം വൈറലായതിന് പിന്നാലെ മറ്റൊരു ചിത്രവും പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പേളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ മക്കളായ റെയ്ന്‍, കയ് എന്നിവര്‍ക്കൊപ്പം നിലയും നിതാരയും ഇരിയ്ക്കുന്ന ചിത്രമാണ് പേളി പങ്കുവെച്ചത്.
” 2024 ലെ എന്റെ പ്രിയപ്പെട്ട ചിത്രം… കാരണം ഈ ചിത്രം എന്റെ ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നു. ഞങ്ങള്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയും അത് നിരവധി തവണ എടുക്കുകയും ചെയ്തു. ഇത്രയും ചെറിയ മനുഷ്യര്‍ നമ്മുടെ ജീവിതം ഭരിക്കും എന്ന് 3 വര്‍ഷം മുമ്പ് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? ഞങ്ങള്‍ ഇപ്പോള്‍ ആ ജീവിതം നയിക്കുന്നു, അവരാണ് നമുക്ക് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ നിധിയെന്ന് എനിക്ക് ഉറപ്പുണ്ട് ” – ചിത്രം പങ്കുവെച്ച് പേളി കുറിച്ചു.