മുംബൈയിലെ ബിഎംസി ആശുപത്രിക്ക് പുറത്തുള്ള തിരക്കേറിയ തെരുവിൽ ഒരു വട പാവ് സ്റ്റാൾ. വെറുമൊരു ലഘുഭക്ഷണം വിൽക്കുന്ന സ്ഥലത്തിനപ്പുറം ഊഷ്മളതയുടെയും, ബന്ധങ്ങളുടെയും, വിശ്വാസത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു.
മുംബൈയിലെ തോമസ് സ്കോട്ടിലെ മാർക്കറ്റിംഗ് മാനേജരായ ഇഷികാ ധൻമേഹർ, തന്റെ അമ്മയുടെ വട പാവ് സ്റ്റാളിനെക്കുറിച്ച് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു.
“എന്റെ അമ്മ മുംബൈയിൽ ഒരു വട പാവ് സ്റ്റാൾ നടത്തുന്നുണ്ട്. ബിഎംസി ആശുപത്രിയുടെ തൊട്ടുമുന്നിലാണ് അത്. എന്റെ അമ്മൂമ്മ ആശുപത്രിയുടെ ഉള്ളിൽ ജോലി ചെയ്യുന്നു. പക്ഷേ എന്റെ അമ്മ ബന്ധങ്ങളാണ് ഉണ്ടാക്കിയത്. 11 വർഷം മുൻപ് ഇത് തുടങ്ങിയപ്പോൾ കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. ഇടയ്ക്കിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. കട തകർക്കപ്പെടുമായിരുന്നു, സാധനങ്ങൾ മോഷ്ടിക്കപ്പെടുമായിരുന്നു. ചുറ്റുമുള്ളവർ അവളെ കളിയാക്കുമായിരുന്നു,” അവർ പറഞ്ഞു. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ധൈര്യപ്പെട്ടതിന്റെ പേരിൽ ആശുപത്രി ജീവനക്കാർ അവളെ സമാധാനമായി ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.
എങ്കിലും അമ്മ പിന്തിരിഞ്ഞില്ല. പരാതികളില്ലാതെ, തന്റെ ഭക്ഷണത്തിന്റെ ഗുണനിലവാരം തെളിയിച്ചു, എല്ലാ ഭക്ഷണവും വീട്ടിൽ ഉണ്ടാക്കുന്നതാണെന്ന് ഉപഭോക്താക്കളോട് പറഞ്ഞു. ക്രമേണ, അവളെ സംശയിച്ചവർ പോലും വിശ്വസ്തരായ ഉപഭോക്താക്കളായി മാറി. ഇന്ന്, ഡോക്ടർമാരും, നഴ്സുമാരും, ആശുപത്രി ജീവനക്കാരും വട പാവ് വാങ്ങുക മാത്രമല്ല, അവളെ ആശുപത്രിയുടെ പിക്നിക്കിനും ക്ഷണിക്കുന്നു.
അമ്മയുടെ രഹസ്യം? അത് ആത്മാർത്ഥമായ ബന്ധങ്ങളാണ്. ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും, അവൾ എല്ലാവരുമായി അവരവരുടെ ഭാഷകളിൽ സംസാരിക്കുന്നു – മറാഠി, ഗുജറാത്തി, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പോലും – ഓരോ വ്യക്തിയെയും ശ്രദ്ധയോടെ പരിഗണിക്കുകയും ചെയ്യുന്നു. ട്രെൻഡുകൾ മാറുമ്പോൾ അവൾ തന്റെ മെനുവിൽ മാറ്റങ്ങൾ വരുത്തുകയും, ആളുകളുടെ മാനസികാവസ്ഥ മോശമാകുമ്പോൾ അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.
അവൾ ബന്ധങ്ങൾ ഉണ്ടാക്കുന്നു. അവൾ വിശ്വാസം ഉണ്ടാക്കുന്നു. അവൾ ഒരിക്കലും സഹായം ചോദിക്കാറില്ല, പക്ഷേ സഹായം അവളെ തേടിയെത്തുന്നു,” ഇഷികാ പറഞ്ഞു. താൻ കട സന്ദർശിക്കുമ്പോഴെല്ലാം, ആളുകൾ അവളുടെ അമ്മയോട് സംസാരിക്കാൻ ആവേശം കാണിക്കുന്നതായി കാണാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇഷികാ ധൻമേഹറിനെ സംബന്ധിച്ചിടത്തോളം, ഈ കഥ കഷ്ടപ്പാടിനെക്കുറിച്ചുള്ളതല്ല, മറിച്ച് വ്യക്തിത്വത്തിന്റെ ശക്തിയെക്കുറിച്ചാണ്. “രണ്ട് കാര്യങ്ങൾ ഞാൻ അമ്മയിൽ നിന്ന് പാരമ്പര്യമായി നേടിയിട്ടുണ്ട്: ആശയവിനിമയവും ആത്മാർത്ഥമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതും. എനിക്ക് അമ്മയിൽ നിന്ന് ഇതാണ് ലഭിച്ചതെങ്കിൽ – എനിക്ക് ആവശ്യമുള്ളതെല്ലാം ഇതിനകം ലഭിച്ചു കഴിഞ്ഞു,” അവർ അവസാനിപ്പിച്ചു.




