Oddly News

‘മേലുദ്യോഗസ്ഥ ദേഹത്ത് പലയിടത്തും സ്പര്‍ശിക്കും’; പരിഭ്രാന്തനായി യുവാവ്; പരിഹാരം തേടി റെഡ്ഢിറ്റില്‍ പോസ്റ്റ്

തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നത് സ്ത്രീകളാണ് എന്നണല്ലോ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ല എന്നതാണ് സമീപകാല യാഥാര്‍ഥ്യം. മുംബൈയിലെ ഗോരേഗാവിൽ നിന്നുള്ള 28 വയസ്സുള്ള ഒരു ജീവനക്കാരന്‍ അടുത്തിടെ റെഡ്ഡിറ്റിൽ തന്റെ ദുരിതാനുഭവം പങ്കുവെച്ചു. വനിതയായ ‘ബോസ്’ (വകുപ്പുമേധാവി) ആണ് ഇയാളുടെ പ്രശ്നം.

ഒരു പ്രശസ്ത സ്ഥാപനത്തിലെ തന്റെ വനിതാ ബോസ് അനാവശ്യമായ ശാരീരിക സ്പര്‍ശംമൂലം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് ഇയാളുടെ പോസ്റ്റ്. ‘ബോസ് ഒരു സ്ത്രീയാണ്. അവര്‍ ഇടയ്ക്കിടെ കാബിനിലേക്ക് വിളിപ്പിക്കും. ഫയലുകളുമായി കാബിനിലെത്തുമ്പോള്‍ അവരുടെ കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്തുവന്നിരിക്കും. കൈകളിലും തുടയിലുമൊക്കെ സ്പര്‍ശിക്കും. വല്ലാത്ത രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യും.’ ആദ്യമൊക്കെ ഗൗരവത്തിലെടുത്തില്ലെങ്കിലും നിരന്തരമായി കാബിനിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയതോടെ താന്‍ പരിഭ്രമിച്ചെന്ന് യുവാവ് പറയുന്നു.

‘ആറുമാസം മുന്‍പ് മാത്രമാണ് കമ്പനിയില്‍ ജോയിന്‍ ചെയ്തത്. ബോസിന്‍റെ പെരുമാറ്റത്തെക്കുറിച്ച് അടുപ്പമുള്ള ചില സഹപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും അവരാരും പരാതിപ്പെടുന്നതിനെ പിന്തുണച്ചില്ല. ‘നീയും അത് എന്‍ജോയ് ചെയ്യ്’ എന്നാണ് ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത്. ഇന്‍റേണല്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് ആലോചിച്ചെങ്കിലും പ്രതികാരനടപടി ഉണ്ടായേക്കുമെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു.’ വിവാഹിതയായ സ്ത്രീ ആയതിനാല്‍ അവര്‍ക്ക് പേരുദോഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറ്റെന്തെങ്കിലും പരിഹാരം നിര്‍ദേശിക്കണമെന്നും അഭ്യര്‍ഥിച്ചാണ് റെഡ്ഢിറ്റിലെ കുറിപ്പ്.

ലൈംഗികാതിക്രമം നേരിടുന്നത് പുരുഷനായാലും അത് നിസാരമായെടുക്കരുതെന്നാണ് റെഡ്ഢിറ്റില്‍ കുറിപ്പ് വായിച്ച ഏറെപ്പേരും അഭിപ്രായപ്പെട്ടത്. പ്രശ്നം വഷളാക്കരുതെന്ന് ചിലര്‍ ഉപദേശിച്ചപ്പോള്‍ പ്രായോഗികമായ ചില നിര്‍ദേശങ്ങളും ചിലര്‍ നല്‍കി. പരാതി നല്‍കുംമുന്‍പ് തെളിവ് ശേഖരിക്കാനാണ് ഒരു അഭിഭാഷകന്‍റെ നിര്‍ദേശം. അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റങ്ങളും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വച്ചശേഷം പരാതി നല്‍കാനായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച പോംവഴി. ബോളിവുഡ് ചിത്രം ‘എയ്ത്‌‌രാസു’മായി താരതമ്യം ചെയ്തുള്ള കമന്റുകളും ഉണ്ടായി. ‘ഗേ’ ആയി അഭിനയിക്കാനായിരുന്നു മറ്റൊരാളുടെ നിര്‍ദേശം.

തൊഴിലിടത്തെ ലൈംഗികാതിക്രമം തടയല്‍ നിയമം (POSH) സ്ത്രീകള്‍ക്ക് മാത്രമാണ് പരിഗണന നല്‍കുന്നത് എന്ന വിഷയം പോസ്റ്റിനൊപ്പം വീണ്ടും ചര്‍ച്ചയായി. ഇത് ചൂണ്ടിക്കാട്ടി, ‘മേലുദ്യോഗസ്ഥ അടവുമാറ്റിയാല്‍ താന്‍ പെടും’ എന്നൊരു താക്കീതും കമന്‍റുകളിലൊന്നില്‍ കണ്ടു. 2013ല്‍ കൊണ്ടുവന്ന പോഷ് നിയമപ്രകാരം ശരീരത്തില്‍ സ്പര്‍ശിക്കല്‍ മാത്രമല്ല, ലൈംഗിക ചുവയോടെയുള്ള സംഭാഷണം, ആംഗ്യം കാട്ടല്‍ ഉള്‍പ്പെടെയുള്ളവയും കുറ്റകരമാണ്. എന്നാല്‍ സ്ത്രീകളുടെ പരാതികളാണ് എല്ലായിടത്തും പരിഗണിക്കപ്പെടുക. ലിംഗവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാന്‍ ആവശ്യമായ സംവിധാനങ്ങളും നിയമവ്യവസ്ഥകളും നടപ്പാക്കണമെന്ന് ഒട്ടേറെപ്പേര്‍ റെഡ്ഡിറ്റില്‍ ആവശ്യപ്പെട്ടു.