Crime

വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു; പിന്നാലെ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജന(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു. സയനൈഡ് കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. “ജീവനൊടുക്കുന്നു” എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ വന്നതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. വീടിന്റെ സ്വീകരണമുറിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വളരെ വേഗത്തിൽ മരണം സംഭവിച്ചതും ആത്മഹത്യാ കുറിപ്പിലെ പരാമർശവുമാണ് സയനൈഡ് ആണ് മരണകാരണമെന്ന സംശയത്തിന് ബലം നൽകുന്നത്.

സംഭവത്തിൽ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ആറ് വർഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. മൂന്ന് മാസം മുൻപാണ് ഇവരുടെ കുടുംബനാഥൻ മരിച്ചത്. ഇതും ഇരുവരെയും മാനസികമായി തളർത്തിയിരുന്നു.

പൂന്തുറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)