ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇൻഡോറിലെ വിപണികളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിലകൂടിയ ആടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇതിൽ ‘സുൽത്താൻ’ എന്ന് പേരിട്ടിരിക്കുന്ന ഒരു ഭീമൻ ആടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നഗരത്തിലും തരംഗമായിരിക്കുന്നത്. ഏകദേശം 200 കിലോഗ്രാമിലധികം ഭാരവും 48 ഇഞ്ച് ഉയരവുമുള്ള ഈ ആട് പഞ്ചാബി ‘ബീറ്റൽ’ ഇനത്തിൽപ്പെട്ടതാണ്.
ഇൻഡോറിലെ ഗുൽസാർ കോളനിയിൽ താമസിക്കുന്ന മൊയീൻ ഖാന്റേതാണ് ഈ ആട്. ഒരു വർഷം മുമ്പ് രണ്ട് ദിവസം കൊണ്ട് ആയിരത്തോളം കിലോമീറ്റർ സഞ്ചരിച്ചാണ് ഇദ്ദേഹം സുൽത്താനെ പഞ്ചാബിൽ നിന്ന് ഇൻഡോറിൽ എത്തിച്ചത്. സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് സുൽത്താനെ നോക്കുന്നതെന്ന് ഖാൻ പറയുന്നു. ദിവസവും രണ്ട് ലിറ്റർ പാൽ, 250 ഗ്രാം ഉണക്കപ്പഴങ്ങൾ (ഡ്രൈ ഫ്രൂട്ട്സ്), പത്ത് കിലോഗ്രാം ഇലകൾ എന്നിവ അടങ്ങുന്നതാണ് സുൽത്താന്റെ ആഹാരക്രമം. വേനൽച്ചൂടിൽ നിന്ന് സംരക്ഷിക്കാൻ സുൽത്താനായി പ്രത്യേക മുറിയും എയർ കൂളറും സ്ഥാപിച്ചിട്ടുണ്ട്. കുടിക്കാൻ തണുത്ത വെള്ളവും മോരുമാണ് നൽകുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് സുൽത്താനെ കാണാൻ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. തവിട്ട് നിറത്തിൽ പുള്ളികളുള്ള ഈ ആടിന്റെ ഭംഗിയും വലിപ്പവും കണ്ട് പലരും വലിയ വിലയ്ക്കാണ് ഇത് വാങ്ങാൻ ചോദിക്കുന്നത്. ഒരാൾ ഈ ആടിനായി എട്ട് ലക്ഷം രൂപ വരെ വിലപറഞ്ഞു കഴിഞ്ഞു. സുൽത്താനെ കൂടാതെ ‘ഗോലുലാല’ എന്ന് പേരുള്ള മറ്റൊരു ആടും ഇവിടുത്തെ ആഡംബര ജീവിതരീതി കൊണ്ട് വിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. ഈ വർഷത്തെ പെരുന്നാളിന് രണ്ട് ആടുകളെയും ബലി നൽകുമെന്നാണ് ഉടമസ്ഥർ വ്യക്തമാക്കുന്നത്.




