മലേഷ്യൻ രാജകുമാരൻ ടെൻകു ഫഖ്റിയുമായി നടന്ന വിവാഹം നിയമപരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഇന്തൊനീഷ്യൻ–അമേരിക്കൻ മോഡൽ മനോഹര ഒഡിലിയ. സമ്മതമില്ലാതെയാണ് പതിനാറാം വയസ്സിൽ വിവാഹം നടത്തിയതെന്നും മനോഹര വെളിപ്പെടുത്തി. മലേഷ്യൻ രാജകുമാരന്റെ മുൻഭാര്യ എന്ന പദം തന്റെ പേരിനു മുൻപായി മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മനോഹര അതൃപ്തി അറിയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു.
2008ലായിരുന്നു മലേഷ്യൻ രാജകുമാരനുമായി മനോഹരയുടെ വിവാഹം. തുടർന്ന് അവർ മലേഷ്യയിലേക്കു പോയി. ഭർത്താവിൽ നിന്ന് ക്രൂരമായ ലൈംഗികാതിക്രമവും ശാരീരിക പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും മനോഹര വ്യക്തമാക്കി. പതിനാറാം വയസ്സിൽ നടന്ന വിവാഹം നേരത്തെ തന്നെ വിവാദമായിരുന്നു. മലേഷ്യയിൽ താമസിച്ച കാലത്ത് ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നതായും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും മനോഹര പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം വരെ നിഷേധിച്ചു. സ്വന്തം കുടുംബവുമായി ബന്ധം പുലർത്തുന്നതിൽ പോലും നിയന്ത്രണങ്ങളേർപ്പെടുത്തി. ഒരു തടവുകാരിയെ പോലെയായിരുന്നു കൊട്ടാരത്തിലെ ജീവിതമെന്നും മനോഹര ആരോപിച്ചു. 2009ൽ രാജകുടുംബം സിംഗപ്പുരിേലക്കു നടത്തിയ ഒരു വിനോദ യാത്രയ്ക്കിടെ മനോഹര ഇന്തൊനീഷ്യയിലേക്കു രക്ഷപ്പെടുകയായിരുന്നു. അമ്മയുടെയും പ്രാദേശിക പൊലീസിന്റെയും അമേരിക്കൻ എംബസിയുടെയും സഹായത്തോടെയായിരുന്നു മനോഹരയുടെ നാടകീയ രക്ഷപ്പെടൽ.
‘ലൈംഗികാതിക്രമവും പീഡനങ്ങളും എന്റെ ദിനചര്യയുടെ ഭാഗമായി. ലൈംഗിക ബന്ധത്തിലേർപ്പെടാൻ എനിക്ക് താൽപര്യമില്ലാതിരിക്കമ്പോൾ പോലും അയാൾ ദിവസേന എന്നെ ക്രൂരമായി പീഡിപ്പിച്ചു. അയാളിൽ നിന്ന് രക്ഷപ്പെട്ടിട്ടും മാധ്യമങ്ങൾ എന്നെ രാജകുമാരന്റെ മുൻഭാര്യ എന്ന് അഭിസംബോധന ചെയ്യുന്നു. എന്താണെന്നു പോലും മനസ്സിലാകാത്ത കൗമാരത്തിലെ ബന്ധം എന്റെ സമ്മതത്തോടെയായിരുന്നില്ല. ആ വിവാഹം നിയമപരവുമായിരുന്നില്ല. അത്തരത്തിൽ ഒരു ബന്ധം എനിക്ക് ആവശ്യമായിരുന്നില്ലെന്ന കാര്യത്തിൽ ഇന്നും ഞാൻ ഉറച്ച് നിൽക്കുന്നു. പ്രായപൂർത്തിയാകാത്ത സമയത്ത് നടന്നകാര്യമാണ് ആ വിവാഹം. വിക്കിപീഡിയ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് മുൻഭാര്യ എന്ന പ്രയോഗം ഒഴിവാക്കണം. മാധ്യമങ്ങളും ആ മര്യാദ പാലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– മനോഹര പങ്കുവച്ച കുറിപ്പിൽ പറയുന്നു.




