Crime

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ 6.7 ലക്ഷം രൂപയ്‌ക്ക്‌ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി, ആത്മഹത്യയായി വരുത്തിതീര്‍ത്തു

മുംബൈ: കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയും ആത്മഹത്യയായി ചിത്രീകരിക്കുകയും ചെയ്‌ത പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. മുംബൈയില്‍ നിന്നുള്ള സകാറാമിനെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നാരംഗി എന്ന ഗീത ചൗധരി (34) ആണ്‌ ദാരുമായി കൊലചെയ്യപ്പെട്ടത്‌. രണ്ടുതവണ കൊല ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു മൂന്നമതായി സകാറാം തന്റെ സുഹൃത്തായ ശങ്കര്‍ ഡാങ്കിയെ 6.7 ലക്ഷം രൂപയ്‌ക്ക്‌ വാടകയ്‌ക്കെടുത്തു. ഡാങ്കി തന്നെ സഹായിക്കാന്‍ രണ്ടുപേരെകൂടി കൂട്ടത്തില്‍ കൂട്ടി.
ഒന്നര വര്‍ഷത്തിനുശേഷമാണ്‌ പോലീസ്‌ ദുരൂഹമായ കൊലപാതകവും ഗൂഢാലോചനയും കണ്ടെത്തിയത്‌.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ:-

2024 ഒക്‌ടോബര്‍ 14-ന്‌, അടുക്കളയില്‍ സീലിങ്‌ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഒരു സ്‌ത്രീയെ കണ്ടെത്തിയതായി പോലീസിന്‌ വിവരം ലഭിച്ചു. കുറ്റകൃത്യം നടന്ന സ്‌ഥലത്തിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്‌ഥാനത്തില്‍, പോലീസ്‌ ഇത്‌ ആത്മഹത്യായാണെന്ന്‌ കണക്കാക്കുകയും അപകട മരണ റിപ്പോര്‍ട്ട്‌ (എ.ഡി.ആര്‍.) പ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു.
ആദ്യ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്‌തമായി കണ്ടെത്താനായില്ല. തുടര്‍ന്ന്‌, മൃതദേഹം രാജസ്‌ഥാനിലേക്ക്‌ കൊണ്ടുപോയി. അവിടെവച്ചാണ്‌ ഗീതയുടെ സംസ്‌കാരം നടത്തിയത്‌. ഗീതയുടെ പിതാവ്‌ ഭനറാം ചൗധരിക്ക്‌ തന്റെ മകള്‍ മരിച്ചുവെന്ന വസ്‌തുത അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എല്ലാത്തിനുമുപരി, ഗീത ആത്മഹത്യ ചെയ്യുമെന്ന്‌ അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്‌ ആത്മഹത്യയല്ല, കൊലപാതകമാണെന്ന്‌ അദ്ദേഹം സംശയിച്ചു.
രാജസ്‌ഥാനില്‍ ചൗധരി പരാതി നല്‍കുകയും കേസ്‌ പുനരന്വേഷിക്കാന്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തു. ഗീതയുടെ മൃതദേഹം പുറത്തെടുത്ത്‌ രണ്ടാം ഘട്ട പോസ്‌റ്റ്‌മോര്‍ട്ടത്തിനു അയച്ചു.
ഇത്തവണ ഗീത ശ്വാസംമുട്ടിയാണ്‌ മരിച്ചതെന്നു റിപ്പോര്‍ട്ട്‌ സ്‌ഥിരീകരിച്ചു.തുടര്‍ അന്വേഷണത്തില്‍ രണ്ട്‌ പരാജയപ്പെട്ട കൊലപാതക ശ്രമങ്ങളും, 6.7 ലക്ഷം രൂപയ്‌ക്ക്‌ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ മൂന്നാമത്തെ ശ്രമവും പോലീസ്‌ കണ്ടെത്തി. ആദ്യ ശ്രമത്തില്‍ പവായ്‌ പ്രദേശത്ത്‌ ഒരു റോഡപകടം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാമത്തേതില്‍ അവരുടെ ജീവനെടുക്കാന്‍ ലക്ഷ്യംവച്ചുള്ള ശാരീരിക ആക്രമണമായിരുന്നു.
രണ്ട്‌ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌, ഗീതയെ കൊലപ്പെടുത്താന്‍ സകാറാം തന്റെ സുഹൃത്തായ ശങ്കര്‍ ഡാങ്കിയെ 6.7 ലക്ഷം രൂപയ്‌ക്ക്‌ വാടകയ്‌ക്കെടുത്തു. ഡാങ്കി തന്നെ സഹായിക്കാന്‍ ബാബു, അമര്‍ചന്ദ്‌ ഗയാരി, ദിനേശ്‌ എന്നീ രണ്ട്‌ പേരെ കൂടി വാടകയ്‌ക്കെടുത്തു. ഒക്‌ടോബര്‍ 14-ന്‌ പ്രതികള്‍ ഗീതയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം സീലിങ്‌ ഫാനില്‍ കെട്ടിത്തൂക്കി.
രണ്ടാംഘട്ട അന്വേഷണത്തില്‍ പോലീസ്‌ സകാറമിനെ ചോദ്യം ചെയ്യുകയും അയാള്‍ പോലീസിനോട്‌ കുറ്റസമ്മതം നടത്തുകയുമായിരുന്നു.
കുറ്റസമ്മതം നടത്തുന്നതിനു മുമ്പ്‌ മൂന്നുതവണ അയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഡിംപിള്‍ ചൗധരി എന്ന സ്‌ത്രീയുമായി തനിക്ക്‌ ബന്ധമുണ്ടെന്നും അവളോടൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചുവെന്നും സകാരം വെളിപ്പെടുത്തി. തന്റെ ആഗ്രഹം നിറവേറ്റുന്നതിനായി ഗീതയെ ഇല്ലാതാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സകാറാം, ശങ്കര്‍ ഡാങ്കി, ബാബു, ദിനേശ്‌ ഗയാരി എന്നീ നാലു പ്രതികളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.