Crime

ഡേറ്റിങിനെത്തിയ യുവതിയുടെ മദ്യത്തില്‍ ‘റേപ്പ് ഡ്രഗ്’ കലര്‍ത്താന്‍ ശ്രമം; ലൈംഗിക ബന്ധം ക്യാമറയില്‍ പകർത്താനും പദ്ധതി, ഇന്ത്യക്കാരന്‍ പിടിയില്‍

ലണ്ടനിലെ പ്രമുഖമായ ‘അനബെൽ’ ക്ലബിൽ ഡേറ്റിംഗിനെത്തിയ യുവതിയുടെ മദ്യത്തിൽ ലഹരിമരുന്ന് കലർത്താൻ ശ്രമിച്ച വികാസ് നാഥ് (63) എന്ന ഇന്ത്യൻ വ്യവസായി പിടിയില്‍. ‘ഡേറ്റ് റേപ്പ് ഡ്രഗ്’ ഇനത്തില്‍പ്പെടുന്ന ഗാമ ബ്യുട്ടിറൊലക്റ്റോന്‍ (GBL) എന്ന മരുന്നാണ് വികാസ് മദ്യത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത്.

വസ്ത്രത്തിനുള്ളിൽ വാനില എസൻസിന്റെ കുപ്പിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരിമരുന്ന് ഒരു സ്ട്രോ ഉപയോഗിച്ചാണ് ഇയാൾ മദ്യത്തിൽ ചേർത്തത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ബാർ ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് മദ്യം മാറ്റിവെക്കുകയും ക്ലബ് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തുമെന്ന് മനസ്സിലാക്കിയ വികാസ് ലഹരിമരുന്ന് കുപ്പി ശുചിമുറിയിൽ ഉപേക്ഷിച്ചു.

പോലീസ് ചോദ്യം ചെയ്തപ്പോൾ യുവതിയെ ഒന്ന് ‘കൂൾ’ ആക്കാൻ വേണ്ടിയാണ് മരുന്ന് നൽകിയതെന്നാണ് വികാസ് പറഞ്ഞത്. എന്നാൽ ലൈംഗികമായി ഉപയോഗിക്കാനാണ് താൻ ഇത് ചെയ്തതെന്ന് തെളിയിക്കുന്ന സന്ദേശങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു. യുവതി തനിക്ക് വഴങ്ങുന്നില്ലെന്നും ഇത് തങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയായിരിക്കുമെന്നും ഒരു സുഹൃത്തിന് അയച്ച സന്ദേശങ്ങളിൽ ഇയാൾ സൂചിപ്പിച്ചിരുന്നു. വികാസിന്റെ ലണ്ടനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ സ്ഥാപിച്ച നിലയിൽ രഹസ്യ ക്യാമറകളും ഉറക്കഗുളികകളും പോലീസ് കണ്ടെടുത്തു. ലൈംഗിക ബന്ധങ്ങൾ പകർത്തുന്നതിനാണ് ക്യാമറ വെച്ചതെന്ന് ഇയാൾ പിന്നീട് സമ്മതിച്ചു.

തന്റെ ആഡംബര കാർ വൃത്തിയാക്കാൻ വാങ്ങിയതായിരുന്നു ജിബിഎൽ എന്നും ശേഷമാണ് ഇത് റിലാക്സ് ചെയ്യാൻ ഉപയോഗിക്കാമെന്ന് അറിഞ്ഞതെന്നുമാണ് വികാസ് നൽകിയ വിശദീകരണം. ലണ്ടനിലും സ്പെയിനിലും മിഷലിൻ സ്റ്റാർ പദവിയുള്ള നിരവധി ആഡംബര റെസ്റ്റോറന്റുകൾ ഇയാൾക്കുണ്ട്. ബാർ ജീവനക്കാരന്റെ കൃത്യമായ ഇടപെടലാണ് വലിയൊരു ക്രൂരത ഒഴിവാക്കാൻ സഹായിച്ചത്.