ആലപ്പുഴ: വില്‍പനയ്‌ക്കു കൊണ്ടുവന്ന മൂന്നു ഗ്രാം എം.ഡി.എം.എയുമായി അഭിഭാഷകയായ അമ്മയും മകനും പിടിയില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ് ജിത്ത്(18), അമ്മ സത്യമോള്‍(46) എന്നിവരെയാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ വച്ച് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്.
മാസത്തില്‍ പലതവണ ലഹരി വസ്‌തുക്കള്‍ എറണാകുളം ഭാഗത്ത് പോയി വാങ്ങി നാട്ടില്‍ എത്തിച്ച് വില്‍പന നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പോലീസ് പറയുന്നു. കരുനാഗപ്പള്ളി കുടുംബ കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുകയാണ് സത്യമോള്‍. കാറില്‍ അഭിഭാഷക എംബ്ലം പതിച്ചാണ് പോലീസിന്റെ പരിശോധനയില്‍ നിന്ന് പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. ഇരുവരും ഒന്നിച്ചാണ് പലപ്പോഴും മയക്ക് മരുന്ന് വാങ്ങാന്‍ പോയിരുന്നത്.
ഇവരുടെ വീട്ടില്‍ അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധയില്‍ 2.5 ഗ്രാം എം.ഡി.എം.എ, 40 ഗ്രാം കഞ്ചാവ്, രണ്ട് ഗ്രാം ഹൈബ്രീഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പര്‍, പ്ലാസ്‌റ്റിക് കവറുകള്‍ എന്നിവയും പിടിച്ചെടുത്തു. കഞ്ചാവ് വലിക്കാന്‍ വീട്ടില്‍ പ്രത്യേക സ്‌ഥലം തന്നെ ഒരുക്കിയിരുന്നു. പുറമെ നിന്നുള്ള യുവാക്കളും കുട്ടികളും രാത്രി കാലങ്ങളില്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുന്നപ്ര എസ്.ഐ എസ്. അരുണ്‍, സീനിയര്‍ സി.പി.ഒമാരായ രാജേഷ്‌കുമാര്‍, അഭിലാഷ്, സി.പി.ഒമാരായ മുഹമ്മദ് സാഹില്‍, കാര്‍ത്തിക എന്നിവരാണ് പ്രതികളെ പിടികൂടിയത്.




