Featured Sports

മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ഒഴിവാക്കി; ബംഗ്ലദേശ് ലോകകപ്പിന് ഇന്ത്യയിലേക്കില്ല? കൊൽക്കത്തയ്ക്ക് 9.2 കോടി തിരിച്ചുകിട്ടുമോ ?

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ക്ലബ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഒഴിവാക്കി. ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യയുടെ (ബി.സി.സി.ഐ.) നിര്‍ദേശ പ്രകാരമാണു നടപടി.
മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ടീമിലെടുത്തതോടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണു നടപടി. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത്‌ സൈക്യയാണ്‌ കൊല്‍ക്കത്ത ടീമിനെ ഔദ്യോഗികമായി അറിയിച്ചത്‌.

പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ തുടക്കത്തില്‍ കാത്തിരിക്കാനും സാഹചര്യം മനസിലാക്കി നടപടികളിലേക്ക്‌ കടക്കാനുമായിരുന്നു ബോര്‍ഡ്‌ തീരുമാനിച്ചിരുന്നത്‌. പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ രാഷ്ര്‌ടീയ സമ്മര്‍ദം വര്‍ധിച്ചതോടെയാണ്‌ ഈ നിലപാടെടുത്തത്‌. ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ 9.20 കോടി രൂപയ്‌ക്കാണ്‌ കൊല്‍ക്കത്ത മുസ്‌തഫിസുര്‍ റഹ്‌മാനെ സ്വന്തമാക്കിയത്‌. ഐ.പി.എല്‍. ലേലത്തില്‍ കരാര്‍ ലഭിച്ച ഏക ബംഗ്ലാദേശ്‌ താരമാണ്‌ മുസ്‌തഫിസൂര്‍. താരത്തെ കളിപ്പിച്ചാല്‍ ഐ.പി.എല്‍. മത്സരങ്ങള്‍ തടസപ്പെടുത്തുമെന്നു വിവിധ ഭാഗങ്ങളില്‍നിന്നു ഭീഷണിയുയര്‍ന്നിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശിലുണ്ടായ അക്രമങ്ങളില്‍ വമ്പന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്‌.

ബംഗ്ലാദേശ്‌ സര്‍ക്കാര്‍ അക്രമത്തിനു കൂട്ടു നില്‍ക്കുമ്പോള്‍ അവരുടെ താരങ്ങളെ ഐ.പി.എല്ലില്‍ ഉള്‍പ്പെടുത്തുന്നതിനെ ബി.ജെ.പി. നേതാക്കളും ചോദ്യം ചെയ്‌തു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഉടമകളിലൊരാളായ ഷാരൂഖ്‌ ഖാനെതിരേ ബി.ജെ.പി. എം.എല്‍.എ. സംഗീത്‌ സോം രംഗത്തെത്തി. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാൻ ഇനി അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു. 2016 മുതൽ എട്ടു ഐപിഎൽ സീസണുകളിൽ മുസ്തഫിസുർ റഹ്മാൻ പങ്കെടുത്തിട്ടുണ്ട്. ഡെത്ത്‌ ഓവര്‍ സ്‌പെഷലിസ്‌റ്റായ മുസ്‌തഫിസുറിന്റെ അഭാവം കൊല്‍ക്കത്തയ്‌ക്കു തിരിച്ചടിയാകും. ഈഡന്‍ ഗാര്‍ഡന്‍സ്‌ പിച്ചിന്റെ വേഗം കുറഞ്ഞ സ്വഭാവം മുസ്‌താഫിസുറിന്‌ അനുകൂലമായിരുന്നു. ലീഗിന്റെ നിയമാവലി അടിസ്‌ഥാനത്തില്‍ പകരം താരത്തെ തെരഞ്ഞെടുക്കാന്‍ ബി.സി.സി.ഐ. കൊല്‍ക്കത്തയ്‌ക്ക് അനുമതി നല്‍കി.

മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്ന് ഒഴിവാക്കിയതോടെ, പാക്കിസ്ഥാൻ താരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന രീതിയിലുള്ള വിലക്ക് ബംഗ്ലദേശ് താരങ്ങൾക്കും ഏർപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും അനിശ്ചിതത്വത്തിലായി. തൽക്കാലം പര്യടനം നടത്തേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചെന്നും അന്തിമതീരുമാനത്തിനു മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കുമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പര മാറ്റിവച്ചിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പരമ്പര അവിടെ നടക്കുമെന്നും തീയതികളടക്കം ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ച പ്രഖ്യാപിച്ചതിനും തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ അരങ്ങേറിയത്.

ഫെബ്രുവരി 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലുള്ള ബംഗ്ലദേശിന്റെ പങ്കാളിത്തവും ചോദ്യചിഹ്നമായി. എന്നാൽ തൽക്കാലം ഐപിഎൽ സംബന്ധിച്ച് മാത്രമാണ് തീരുമാനമെന്നും ലോകകപ്പ് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻ‌ഹാസ് അറിയിച്ചു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയിൽ നാലു മത്സരങ്ങളാണ് ബംഗ്ലാദേശിനുള്ളത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്.

കൊൽക്കത്തയ്ക്ക് 9.2 കോടി തിരിച്ചുകിട്ടുമോ ?

ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബോളർമാരിൽ ഒരാളെയാണ് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു നഷ്ടമാകുന്നത്. 9.2 കോടി രൂപയ്ക്കാണ് താരത്തെ,കൊൽക്കത്ത ടീമിലെത്തിച്ചത്. സാധാരണഗതിയിൽ ഈ തുക അപ്പോൾ തന്നെ ടീമിന്റെ പഴ്സിൽനിന്ന് നഷ്ടമാകും. താരം സ്വമേധയാ പിൻവാങ്ങിയാലോ പരുക്കേറ്റാലോ ഈ തുക തിരിച്ചു ലഭിക്കാറില്ല. എന്നാൽ മുസ്തഫിസുറിന്റെ അസാധാരണ സാഹചര്യമായതിനാൽ ഈ തുക, കൊൽക്കത്തയുടെ പഴ്സിലേക്കു തിരികെ ലഭിക്കും. അതേസമയം, കൊൽക്കത്തയോടോ ബിസിസിഐയോടോ മുസ്തഫിസുർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാൽ സാഹചര്യം മാറും. ലേലത്തിൽ എടുത്തെങ്കിലും താരവുമായി ഇതുവരെ ഔദ്യോഗികമായി കരാറിലേർപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ താരത്തിന്റെ തുടർനടപടികൾ എന്താകും എന്നു കണ്ടറിയണം.