നാല് മാസത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കു മുന്നോടിയായാണു കോഹ്ലിയും മുന്‍ നായകന്‍ രോഹിത് ശര്‍മയും ടീമിനൊപ്പം ചേര്‍ന്നത്.
ശുഭ്‌മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഏകദിന പരമ്പരയ്‌ക്കായി ഇന്ന് ഓസ്‌ട്രേലിയയിലേക്കു പോകും. 19 നാണു പരമ്പര തുടങ്ങുന്നത്. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതലാണ് ഒന്നാം ഏകദിനം. രണ്ടാമത്തെ മത്സരം 23 ന് അഡ്‌ലെയ്‌ഡിലാണ്. അവസാന ഏകദിനം 25 നു സിഡ്‌നിയില്‍ നടക്കും. 29 ന് അഞ്ച് ട്വന്റി20 കളുടെ പരമ്പരയ്‌ക്കു തുടക്കമാകും. 2026 ലെ ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര കളിക്കുന്നത്.
ബ്രിട്ടനിലായിരുന്ന കോഹ്ലി ഇന്നലെയാണു ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച കോഹ്ലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ലണ്ടനില്‍ സ്‌ഥിരതാമസമാാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം നേടിയ ശേഷം കോഹ്ലി ലണ്ടനിലേക്കു പോയിരുന്നു.
മുമ്പ് വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിനു നരച്ച താടി കറുപ്പിക്കുന്നതിനെക്കുറിച്ച് കോഹ്ലി പറഞ്ഞയിരുന്നു. താടിയും മുടിയും നരച്ച തരത്തിലുള്ള കോഹ്ലിയുടെ ചിത്രങ്ങളും പുറത്തുവന്നു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ കോഹ്ലിയുടെ പുതിയ ”ലുക്ക്” ആരാധകര്‍ വൈറലാക്കി. താടിയും മുടിയും കറുപ്പിച്ച് കറുത്ത ഷര്‍ട്ടും വെള്ള പാന്റ്‌സും ധരിച്ചാണ് കോഹ്ലി വിമാനമിറങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ശേഷം ആദ്യമായാണ് കോഹ്ലിയും രോഹിത് ശര്‍മയും ഒരുമിച്ചു കളിക്കുന്നത്.
ഫിറ്റ്‌നസ് കുറവിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട താരമാണ് രോഹിത് ശര്‍മ്മ. എന്നാലിപ്പോള്‍ 20 കിലോ ഭാരം കുറച്ചാണ് രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്നത്. മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന സിയറ്റ് അവാര്‍ഡ് വേദിയില്‍ രോഹിത് ശര്‍മ്മയെ കണ്ട എല്ലാവരും ഞെട്ടി. കണ്ണ് തള്ളിക്കുന്ന രൂപമാറ്റമായിരുന്നു കാരണം. ഫിറ്റ്‌നസിന്റെപേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയനായ രോഹിത് 95 കിലോ ഭാരം 75 കിലോ ആയി കുറച്ചാണ് ചുളളനായത്.
രോഹിത്തിനു പകരമാണു ശുഭ്‌മന്‍ ഗഗില്ലിനെ ഏകദിന ടീമിന്റെ നായകനാക്കിയത്. ഓസ്‌ട്രേലിയന്‍ പരമ്പരയിലെ പ്രകടനം കോഹ്ലിക്കും രോഹിത്തിനും നിര്‍ണായകമാകും. 38 വയസുകാരനായ രോഹിതും 36 വയസുകാരനായ കോഹ്ലിയും 2027 ലോകകപ്പില്‍ കളിക്കാനുണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല. രണ്ടു സംഘങ്ങളായാണ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്കു പോകുന്നത്.




