കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊലപാതക കുറ്റം ചുമത്തി അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. അതുല്യ ഒരുവര്‍ഷമായി ഷാര്‍ജയിലായിരുന്നു. ഇന്നലെ ഒരു സ്‌ഥാപനത്തില്‍ പുതുതായി ജോലിയില്‍പ്രവേശിക്കേണ്ടതായിരുന്നു. ഭർത്താവ് സതീഷിന്റെ പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരിക്കുന്നതിന് മുൻപ് അനന്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയതായി ബന്ധുക്കൾ വ്യക്തമാക്കി. ഈ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
അതുല്യയുടെ മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുഞ്ഞിനുവേണ്ടി അവള്‍ എല്ലാം സഹിക്കുകയായിരുന്നുവെന്നും അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു. അതുല്യയെ ഭര്‍ത്താവ് സതീഷ് നിരന്തരം ഉപദ്രവിക്കുമായിരുന്നു. സ്ഥിരം മദ്യപാനിയായ സതീഷ് മദ്യം അമിതമായാൽ അക്രമാസക്തനാകും. മുമ്പ് പൊലീസ് കേസ് ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ട്. മകള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛൻ രാജശേഖരൻ പിള്ള പറഞ്ഞു.
മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്‌ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലാണ്. അതുല്യയുടെ സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ സമീപത്തെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്‌ച ഷാര്‍ജ അല്‍ നഹ്‌ദയില്‍ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക(33)യേയും ഒന്നരവയസുള്ള മകള്‍ വൈഭവിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.




