Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്.

പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്.

ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ എന്നിവർ ഒറീസയിലേക്ക് യാത്രയാകുമ്പോൾ പ്രതിയെക്കുറിച്ചുള്ള സൂചനയായി അവരുടെ കയ്യിലുണ്ടായിരുന്നത് അതിജീവിത നൽകിയ പത്തൂൺ അങ്കിൾ എന്ന പേരുമാത്രമായിരുന്നു. ഒറീസയിലെ റായ്ഗഡ് സ്വദേശിയാണ് പത്തൂൺ അങ്കിൾ എന്നാണ് അതിജീവിത പറഞ്ഞിരുന്നത്.

റായ്ഗഡിലെത്തിയ ഉദ്യോഗസ്ഥർ അതിജീവിത താമസിച്ചിരുന്ന ഗ്രാമമായ ഗുഡാരിയിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും പത്തൂൺ എന്നുപേരുള്ളയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല സമീപത്തുള്ള പോലീസ് സ്റ്റേഷന്റെ സഹായത്തോടെയും പ്രതിയെക്കുറിച്ച് അന്വേഷിച്ചു. ഫോട്ടോയും ഫോൺനമ്പരും ഒന്നുമില്ലാത്തതിനാൽ ഏതാനും ദിവസം തെരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മലയാളം അറിയുന്ന ധാരാളം പേർ പ്രദേശത്ത് ഉണ്ടെന്ന അറിവ് വഴിത്തിരിവായി.

ഇതോടെ ഉദ്യോഗസ്ഥർ വേഷംമാറി ഗ്രാമങ്ങളിലെത്തി. വനപ്രദേശമായ ഗ്രാമമായതിനാൽ പിന്നീടുള്ള അന്വേഷണങ്ങൾ കൂടുതൽ ദുഷ്ക്കരമായിരുന്നു. പുതിയ തന്ത്രവുമായി മലയാളം അറിയുന്നവരുമായി കൂടുതൽ ഇടപഴകിയതിലൂടെ പ്രതിയുടെ സഹോദരനെ പറ്റി അറിയാൻ സാധിച്ചു. എന്നാൽ അവർ അന്വേഷിക്കുന്ന കർലഗാട്ടി എന്ന ഇടം മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ സമീപത്തുള്ള പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ സഹായത്തിനായി എത്തി.

ഇതോടെ, ഗ്രാമങ്ങളിൽ എത്തിയവർ കേരളത്തിൽ നിന്നുള്ള പോലീസുകാരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി. കാര്യം മനസ്സിലാക്കിയ പ്രതിയുടെ സഹോദരൻ ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ അതിസമർത്ഥമായ അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തി. ഇയാളിൽ നിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.

എന്നാൽ പിന്നീടുള്ള അന്വേഷണം വളരെ സാഹസികമായിരുന്നു. ജനങ്ങളുടെ നിസ്സഹകരണവും അവരെ ബുദ്ധിമുട്ടിച്ചു. ഉറച്ച മനസ്സുമായി അന്വേഷണം തുടർന്ന് ചെറുതുരുത്തി പോലീസ് ഉദ്യോഗസ്ഥർ അവസാനം പ്രതിയെ കണ്ടെത്തുകതന്നെ ചെയ്തു.

കടപ്പാട്ഃ കേരളാ പോലീസ് ഫെയിസ്ബുക്ക്