ആത്മഹത്യചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ ആരോപണം. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ചെര്‍പ്പുളശേരി നഗരത്തില്‍വച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്റെ സിഐ ആയിരുന്ന ഉമേഷ് പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്ന് തന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നും അന്ന് താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും പറയുന്നു.
പൊലീസ് പിടികൂടിയ വിവരം പുറത്തറിയാതിരിക്കാനെന്ന പേരിലായിരുന്നു സിഐ ഈ ക്രൂരത കാട്ടിയതെന്നും തന്നോടും അവരെ പീഡിപ്പിക്കാന്‍ ഉമേഷ് നിര്‍ദ്ദേശിച്ചുവെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പിന്നീട് ഇതേ സ്ത്രീയുമായി താനും സൗഹൃദത്തിലായെന്നും ബിനു തോമസ് സമ്മതിക്കുന്നു. ഈ സ്ത്രീയെക്കുറിച്ച് പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ചെർപ്പുളശേരി എസ്എച്ച്ഓ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലാണ് നിലവില്‍ കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്‍പി എ.ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളുളളത്. ആത്മഹത്യ കുറിപ്പ് കസ്റ്റഡിയിലുണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പാലക്കാട് എസ് പി പറഞ്ഞു.
2014ല്‍ പാലക്കാട്ട് സര്‍വ്വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. ആരോപണവിധേയനായ മേലുദ്യോഗസ്ഥന്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈഎസ്പിയാണ്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമെന്നും ഇങ്ങനെയൊരു സ്ത്രീയെക്കുറിച്ചോ ആത്മഹത്യ കുറിപ്പില്‍ പറയുന്ന സംഭവത്തെക്കുറിച്ചോ അറിയില്ല എന്നും ഡിവൈഎസ്‍പി ഉമേഷ് പ്രതികരിച്ചു.
മേലുദ്യോഗസ്ഥന്റെ പ്രവൃത്തികള്‍ മൂലമുള്ള കടുത്ത മാനസിക സമ്മർദത്തെ തുടര്‍ന്നാണ് ബിനു തോമസ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ബിനു തോമസ് ആത്മഹത്യ ചെയ്തതിന് ശേഷം നാളുകള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ ഒരന്വേഷണവും അന്തിമ ഘട്ടത്തിലേക്ക് എത്തിയിരുന്നില്ല




