Lifestyle

‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ – വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണി

ഇടുക്കി∙ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി എംഎൽഎ. പെന്‍ഷന്‍ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തുവെന്നും ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നുമാണ് മണി പറഞ്ഞത്.

‘ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, ഇഷ്ടം പോലെ തിന്നിട്ട് നേരെ എതി​രെ വോട്ടുചെയ്താൽ അതിന്റെ പേര് ഒരുമാതിരി പെറപ്പുകേട് എന്ന് പറയും. നിങ്ങൾ എനിക്ക് ശാപ്പാടും ചായയും മേടിച്ചു തന്നാൽ, അതിനൊരു മര്യാദ കാണിക്കണ്ടേ?’ -എം.എം. മണി ചോദിച്ചു.

നേരത്തെയും നിരവധി വിവാദ പ്രസ്താവനകൾ മണി നടത്തിയിരുന്നു. നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരം അധിക്ഷേപ പരാമർശങ്ങളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പല ഇടത് നേതാക്കളും ജനപ്രതിനിധികളും സ്വീകരിച്ചിട്ടുള്ളത്. മണിയാശാന്‍റെ നാടൻ ഭാഷാ ശൈലിയെന്നും നാടൻ ഭാഷാ പ്രയോഗമെന്നും തമാശകളെന്നും വിശേഷിപ്പിച്ച് പല ഇടത് നേതാക്കളും അധിക്ഷേപങ്ങളോട് പ്രതികരിച്ചിരുന്നത്.