Featured Travel

‘മോശയുടെ അത്ഭുതം’! കടല്‍ രണ്ടായി കടല്‍പ്പാത തെളിയുന്ന അത്ഭുതം ! ജിന്‍ഡോ സീ പാര്‍ട്ടിംഗ്’ ഫെസ്റ്റിവല്‍

എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ജിന്‍ഡോ സീ-പാര്‍ട്ടിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഏപ്രില്‍മാസം ദക്ഷിണ കൊറിയന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് എത്തുന്നത്. കിഴക്കന്‍ ചൈന കടലിന്റെ വടക്കന്‍ ഭാഗമായ ജിന്‍ഡോ കടലില്‍ ജിന്‍ഡോ ദ്വീപിനെയും സമീപത്തുള്ള മോഡോ ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 2.9 കിലോമീറ്റര്‍ പാത തെളിയിച്ചുകൊണ്ട് കടല്‍ രണ്ടായി വേര്‍പെടുന്ന ഒരു പ്രകൃതി പ്രതിഭാസത്തിന്റെ ആഘോഷമാണ് ജിന്‍ഡോ സീ പാര്‍ട്ടിങ് ഫെസ്റ്റിവല്‍.

നാല് ദിവസം കടല്‍ രണ്ടായി വേര്‍പെട്ട് വഴി തെളിയുമ്പോള്‍ സന്ദര്‍ശകര്‍ക്ക് മോഡോ ദ്വീപിലേക്ക് നടന്നുപോകാനാകും. നാട്ടുകാര്‍ക്ക് കക്കകളും കടല്‍പ്പായലുകളും ശേഖരിക്കാനും സാധിക്കുന്നു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഈ ഉത്സവം നടത്തുന്നതെങ്കിലും, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രണ്ടോ മൂന്നോ തവണ ഈ പാത തെളിയാറുണ്ട്. അതും ഒരു മണിക്കൂറോളം മാത്രം. ഈ പ്രതിഭാസം ഒരു അത്ഭുത കാഴ്ചയാണ്, അവിശ്വസനീയമായ ഈ പരിപാടിയിൽ പങ്കെടുക്കാൻ നൂറുകണക്കിന് സന്ദർശകർ പ്രദേശത്തേക്ക് ഒഴുകിയെത്തുന്നു.


1975-ല്‍ ദക്ഷിണ കൊറിയയിലെ മുന്‍ ഫ്രഞ്ച് അംബാസഡറായ പിയറി ലാന്‍ഡിയാണ് ജിന്‍ഡോ കടല്‍ വിഭജിക്കപ്പെടുന്ന ഈ പ്രതിഭാസത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഒരു ഫ്രഞ്ച് പത്രത്തില്‍ ‘മോശയുടെ അത്ഭുതത്തിന്റെ കൊറിയന്‍ പതിപ്പ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ‘ടൈഡല്‍ ഹാര്‍മോണിക്‌സ്’ എന്നറിയപ്പെടുന്ന പ്രകൃതിയുടെ പ്രതിഭാസത്തെ വെളിപ്പെടുത്തി. ശാസ്ത്രീയമായ കാരണങ്ങള്‍ മൂലമുണ്ടാകുന്ന വേലിയേറ്റമാണ് ഇത്. ജിന്‍ഡോ കടലില്‍ വെള്ളം വിഭജിക്കപ്പെടുമ്പോള്‍ 40-നും 60-നും മീറ്റര്‍ വീതിയുള്ള ഒരു പാത കടലില്‍ തെളിയുന്നു. കൊറിയയിലെ ഐതിഹ്യം അനുസരിച്ച്, ഒരുകാലത്ത് ജിന്‍ഡോ ദ്വീപില്‍ ധാരാളം കടുവകള്‍ ഉണ്ടായിരുന്നു. കടുവകള്‍ നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ മോഡോ ദ്വീപിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തില്‍ ബിബിയോങ് എന്ന ഒരു സ്ത്രീയെ ആളുകള്‍ക്ക് കൂടെ കൂട്ടാന്‍ സാധിച്ചില്ല.

കടലിന്റെ ദൈവമായ യോങ്വാങ്ങിനോട് അവള്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചു, ഒടുവില്‍ അടുത്ത ദിവസം തന്റെ കുടുംബത്തിന് കടല്‍ കടക്കാന്‍ ഒരു മഴവില്ല് കടലില്‍ പ്രത്യക്ഷപ്പെടുമെന്ന് ദൈവം അവളോട് സ്വപ്നത്തില്‍ പറഞ്ഞു. അടുത്ത ദിവസം അവള്‍ കടലിലേക്ക് പോയപ്പോള്‍, വെള്ളം അത്ഭുതകരമായി വഴിമാറുകയും ഒരു മഴവില്ല് പാത പ്രത്യക്ഷപ്പെടുകയും ചെയ്തു. ബിബിയോങിന്റെ കുടുംബം കടല്‍ കടന്ന് അവളെ കാണാന്‍ വന്നു, അങ്ങനെ നാട്ടുകാര്‍ക്കിടയില്‍ ഒരു പ്രശസ്തമായ പാരമ്പര്യവും വിനോദസഞ്ചാരികള്‍ക്കിടയില്‍ ഒരു ആകര്‍ഷണവും ആരംഭിച്ചു. ജിന്‍ഡോയിലെ തീരത്തിനടുത്ത് ഐതിഹ്യത്തിലെ വയസ്സായ സ്ത്രീയുടെയും കടുവയുടെയും പ്രതിമ കാണാനാകും.