കോട്ടയം: പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിനു കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. കാണക്കാരി രത്‌നഗിരിപ്പള്ളി കപ്പടക്കുന്നേല്‍ സാം ജോര്‍ജി (59)ന്റെ ഭാര്യ ജെസി (49) കൊല്ലപ്പെട്ട സംഭവത്തിലെ തുടര്‍ അന്വേഷണത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. ജെസിയുടെ ഈ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ നീക്കം.
വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സാപിൽ ചാറ്റ് ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വാട്സാപ് ചാറ്റിൽ നിന്ന് സാമിനെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇതിനിടെ വിയറ്റ്നാം, ഇറാൻ, യുഎഇ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി സാമിന് ബന്ധമുണ്ടായിരുന്നുവെന്നു ജെസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മുൻപ് പങ്കാളിയായിരുന്ന സ്ത്രീ, സാമും ജെസിയും വിവാഹശേഷം താമസിക്കുന്ന വീട്ടിൽ എത്തിയെന്നും സാമുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഏൽപിച്ച് മടങ്ങിയെന്നും സാം മൊഴി നൽകിയതായും സൂചനയുണ്ട്.




