തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാർക്ക് ഉദ്യോഗസ്ഥയായ യുവതിയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതി എത്തിയത് മോഷണത്തിനെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സമീപത്തെ ഏതാനും വീടുകളിൽ കയറി മോഷണം നടത്തിയ ശേഷമാണ് താൻ യുവതി കിടന്നുറങ്ങുകയായിരുന്ന ഹോസ്റ്റലിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. പൂർണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
മധുര സ്വദേശിയായ ലോറി ഡ്രൈവറെ സാഹസികമായാണ് കേരള പൊലീസ് കുടുക്കിയത്. അതിക്രമത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതി പീഡനത്തിനിരയായത്. ഒരു തുമ്പുമില്ലാതിരുന്ന കേസിൽ കേരള പൊലീസിന്റെ അന്വേഷണ മികവിലാണ് രണ്ടുദിവസത്തിനുള്ളിൽ പ്രതിയെ പിടിച്ചത്. സിസിടിവിയില്‍ വരാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ച് ഹോസ്റ്റലില്‍ കയറി. ഒരിടത്തു നിന്നു തൊപ്പിയും മറ്റൊരു വീട്ടില്‍ നിന്ന് ഹെഡ് ഫോണും എടുത്തു. പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ക്കയറി.
തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.കേരളത്തിൽ ട്രിപ്പ് വരുന്ന ദിവസങ്ങളിൽ ഇയാൾ പതിവായി മോഷണം നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.




