The Origin Story

സാമ്പാര്‍ മലയാളിയുടേയോ തമിഴന്റെയോ അല്ല; തെക്കേ ഇന്ത്യന്‍ ജനതയെ ഭ്രമിപ്പിച്ച രുചിക്കൂട്ടിന്റെ ഉത്ഭവം മഹാരാഷ്ട്രയില്‍

ഇലവെച്ചുള്ള സദ്യയില്‍ രണ്ടാം ഒഴിച്ചുകറിയായി പച്ചക്കറികളുടേയും കായത്തിന്റേയും പുളിയുടേയുമെല്ലാം ഒന്നാന്തരം ചേരുവയായ സാമ്പാറാണ് വരുന്നത്. സ്വാദും മണവും കൊണ്ട് ദൂരെ നിന്നു തന്നെ കൊതിപ്പിക്കുന്ന ഈ വിഭവത്തിന്റെ ഉത്ഭവം എവിടെയാണ് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട് എന്നായിരിക്കും മിക്കവരുടേയും ഉത്തരം. എന്തായാലും ദക്ഷിണേന്ത്യ എന്ന് ഉറപ്പിച്ചു പറയുന്നവരാകും കൂട്ടത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാമ്പാറിന്റെ വേരുകള്‍ തപ്പിപ്പോയാല്‍ നിങ്ങള്‍ മിക്കവാറും ചെന്നു നില്‍ക്കുക പശ്ചിമേന്ത്യയിലെ മഹാരാഷ്ട്രയില്‍ ആയിരിക്കും.

നമ്മുടെ സ്വന്തമെന്ന് നാം കരുതിയിരുന്ന സാമ്പാറിനെക്കുറിച്ച് അനേകര്‍ ഗവേഷണം നടത്തിയിട്ടുണ്ട്. അക്കാദമിക പേപ്പറുകളുമുണ്ട്. ‘സാമ്പാര്‍’ എന്ന പേരിന്റെ ഉത്ഭവം തന്നെയാണ് ഇവരെല്ലാം ആദ്യം ഗവേഷണം ചെയ്തത്. ”ദക്ഷിണേന്ത്യന്‍ ഭാഷകളിലൊന്നും ആ വാക്കിന് അര്‍ത്ഥം നല്‍കിയിട്ടില്ല. സംഭാരവുമായി സാമ്പാര്‍ എന്ന പദത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതി. എന്നാല്‍ ഈ വാക്ക് സാമ്പാറുമായി ബന്ധിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ‘സാമ്പാറിന്റെ ഉത്ഭവം’ എന്ന് പ്രബന്ധം എഴുതിയ പി ആര്‍ രാമചന്ദര്‍ എഴുതുന്നു.

400 വര്‍ഷത്തോളമായി ദക്ഷിണേന്ത്യന്‍ പ്രദേശത്തെ തദ്ദേശീയമായ പല വിഭവങ്ങളിലും ഒരു പ്രധാന ഘടകം സാമ്പാറിന്റെ കൂടി അടിസ്ഥാന ഘടകമായ പുളിയാണെന്ന് രാമചന്ദര്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, 1600-കളില്‍ സാമ്പാറിനൊപ്പം ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ വിഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് രാമചന്ദര്‍ കരുതുന്നു. പുളിയും കുരുമുളകും ചെറുപയര്‍ പരിപ്പും ചേര്‍ത്തുണ്ടാക്കിയ തമിഴന്‍ ചേരുവ. ‘പിറ്റ്ലൈ’ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. വേവിച്ച ചെറുപയര്‍ പരിപ്പ്, അരിപ്പൊടി അല്ലെങ്കില്‍ അരച്ച തേങ്ങ പേസ്റ്റ് എന്നിവയെല്ലാം കൂട്ടിയിളക്കിയുള്ള പിറ്റ്ലൈ സാമ്പാറിന്റത്ര രുചികരം അല്ലെങ്കിലും ഈ സ്വാദാണ് പ്രശസ്തമായ വിഭവത്തിന്റെ അടിത്തറയെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.

ഡോ. പത്മിനി നടരാജന്‍ എന്നയാള്‍ എഴുതിയ കഥയിലും സാമ്പാര്‍ ചെന്നു നില്‍ക്കുന്നത് മഹാരാഷ്ട്രയിലാണ്. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശംഭോജി രാജാവിന് കീഴില്‍ മറാത്തകള്‍ തമിഴ്നാട്ടിലെ തഞ്ചൂര്‍ പ്രദേശം ഭരിച്ചിരുന്നു. അദ്ദേഹത്തിന് കീഴില്‍ വിദഗ്ദ്ധനായ ഒരു പാചകക്കാരന്‍ ഉണ്ടായിരുന്നു. പരിപ്പു കൊണ്ടുള്ള ആംടി എന്ന മഹാരാഷ്ട്രന്‍ വിഭവം ഉണ്ടാക്കാന്‍ ബഹുകേമനായിരുന്നു ഇയാള്‍. ഇതിനായി പുനാര്‍പുളി എന്ന ഒരുതരം മഹാരാഷ്ട്രയിലെ പുളി ആവശ്യത്തിലേറെ വേണമായിരുന്നു.

ആംടിയ്ക്കായി മഹാരാഷ്ട്രയില്‍ നിന്നും വന്‍തോതില്‍ ഇത് ഇറക്കുമതി ചെയ്തു. എന്നാല്‍ ഒരിക്കല്‍ അടുക്കളയില്‍ ഈ പുനാര്‍ പുളി തീര്‍ന്നുപോയി. അന്നത്തെ ദിവസം തന്റെ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് രാജാവിനോട് പറയാന്‍ രാജാവിന്റെ സേവകരെല്ലാം വിറച്ചു. ‘കറിക്ക് പുളിപ്പ് കിട്ടാന്‍ നാട്ടുകാര്‍ മഹാരാഷ്ട്രയിലെ പുളിയ്ക്ക് പകരം നമ്മുടെ നാട്ടിലെ പുളിങ്കുരു പള്‍പ്പ് ഉപയോഗിച്ചു. ഈ വിവരം മറ്റെരാള്‍ വഴി രാജാവിന്റെ ചെവിയില്‍ മന്ത്രിക്കുകയും ചെയ്തു. തന്റെ ആംടിക്കായി നിരാശനായ രാജാവ്, പുളിങ്കുരു പള്‍പ്പ്, തുവരപ്പരിപ്പ്, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള വിഭവം രുചിച്ചു സംതപ്തി അടഞ്ഞു. സാമ്പാറിന്റെ ആദ്യ രൂപമായി ഇതിനെയാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയിലാണ് നിര്‍മ്മിക്കപ്പെട്ടതെങ്കിലും ഉണ്ടാക്കിയതിന്റെ ക്രെഡിറ്റ് ഒരു മഹാരാഷ്ട്രക്കാരന്റെ പേരിലാണ്.