Sports

കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുമോ? നന്നായി കളിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ പിന്നിലുണ്ട്

സമീപകാലത്ത് ഇന്ത്യ ഉപയോഗപ്പെടുത്താതെ പോയ താരങ്ങളില്‍ ഒരാളായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മറുനാടന്‍ മലയാളി കരുണ്‍ നായരെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ പിന്നില്‍ പോയിരിക്കുന്ന ഇംഗ്‌ളണ്ടിലെ ടെസ്റ്റ് പര്യടനത്തില്‍ താരത്തിന്റെ കളി ആശാവഹമാകുന്നില്ല. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ പോകുന്ന താരത്തിന് ബാറ്റിംഗ് മികവ് വേണ്ടത്ര പുറത്തെടുക്കാനായിട്ടില്ല. സായ് സുദര്‍ശന്‍ അവസരം കാത്ത് തൊട്ടുപിന്നില്‍ നില്‍ക്കുമ്പോള്‍ കരുണ്‍ നായരുടെ കരിയറിന് കത്തി വീഴുകയാണ്.

2022 ഡിസംബറില്‍ വൈറലായ ഒരു പോസ്റ്റില്‍ ‘ഒരു അവസരം കൂടി’ ചോദിച്ച കരുണ്‍ നായര്‍ക്ക് കഴിഞ്ഞ സീസണിലെ റെക്കോര്‍ഡ് ആഭ്യന്തര പ്രകടനത്തിന്റെ പിന്‍ബലത്തില്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി മികച്ച പരിഗണനയാണ് നല്‍കിയത്. ഇത് താരത്തിന് ഒരു തിരിച്ചുവരവ് അവസരം ലഭിച്ചു. എന്നിരുന്നാലും, പരമ്പരയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 22 ല്‍ താഴെ ശരാശരിയില്‍ 131 റണ്‍സ് മാത്രം നേടിയ കരുണ്‍ നായര്‍ പരാജയപ്പെട്ടു.

ലോര്‍ഡ്സിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ഇപ്പോള്‍ പരാജയത്തിന്റെ വക്കിലാണ്, മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സായ് സുദര്‍ശനെ ഉള്‍പ്പെടുത്തണം എന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആശങ്ക. എട്ടു വര്‍ഷമെടുത്താണ് കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്. പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ എ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടി അദ്ദേഹം തല്‍ക്ഷണം തന്നെ ടീമിന്റെ തിരഞ്ഞെടുപ്പിനെ ശരിവച്ചു. എന്നിരുന്നാലും, സീനിയര്‍ ജഴ്‌സിയില്‍ ആ ഫോം ആവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-2 ന് പിന്നിലാണ്. തിങ്കളാഴ്ച ലോര്‍ഡ്സില്‍ തോറ്റതോടെ കരുണ്‍നായര്‍ക്ക് പകരം സായ് സുദര്‍ശനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഈ ചര്‍ച്ചകള്‍ക്കിടയില്‍, ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പരിചയസമ്പന്നനായ ബാറ്റ്സ്മാന്റെ വിധിയെക്കുറിച്ച് വ്യക്തത വരുത്തി.

”പരമ്പരയില്‍ 2-1 ന് പിന്നിലായിരിക്കുമ്പോള്‍ കരുണിനെ ഉള്‍പ്പെടുത്തുന്നത് വിപരീതമായി തോന്നിയേക്കാം. പക്ഷേ, പരമ്പരയുടെ മിക്ക ഭാഗങ്ങളിലും കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി തോന്നുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതിന്റെ ആവര്‍ത്തനമാണ് രണ്ട് തോല്‍വികള്‍ക്കും കാരണമായത്. ഹെഡിംഗ്ലിയില്‍ രാത്രിയിലും രാവിലെ ലോര്‍ഡ്സിലുമായി നടന്ന രണ്ടു മത്സരത്തിലും 40 റണ്‍സിന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് തിരിച്ചടിയായി. അതേമസയം വ്യക്തിഗത പ്രകടനം കണക്കാക്കി റണ്‍ കണക്ക് നോക്കുകയാണെങ്കില്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും.” അദ്ദേഹം പറഞ്ഞു.

”കരുണിന്റെ താളവും ടെമ്പോയും നല്ലതാണ്. ഈ മൂന്നു പേരില്‍ നിന്നും കൂടുതല്‍ റണ്‍സ് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ സന്ദേശം പ്രധാനമായും, നമ്മള്‍ നന്നായി ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, നമുക്ക് ഫലങ്ങള്‍ നഷ്ടപ്പെടുത്തിയ ചെറിയ കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക എന്നതാണ്.” ടെന്‍ ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു. ലീഡ്‌സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സുദര്‍ശനും ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തി കൂടുതല്‍ ബൗളിംഗ് ഓപ്ഷനുകള്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിച്ചതിനാലാണ് ഒഴിവാക്കിയത്.