സൂപ്പര്‍ ഫുഡ് എന്ന് പറയാവുന്ന ഒന്നാണ് നെയ്യ്. ഇത് കഴിയ്ക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു.
മനുഷ്യ ശരീരത്തിന് ഏറ്റവും യോജിച്ച കൊഴുപ്പ് പശുവിൻ നെയ്യ് തന്നെയാണ്. നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുകയില്ലേ എന്നു സംശയം ഉണ്ടാകാം. വേണ്ട രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ, മിതമായ രീതിയിൽ ആഹാരരൂപേണയും ഔഷധമായും നെയ്യ് ഉപയോഗിക്കുന്നത് കൊളസ്ട്രോൾ ലെവലിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലാ എന്ന് പഠനങ്ങൾ മൂലം തെളിയിക്കപ്പെട്ടിട്ടുണ്ട്.
നെയ്യ് സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ നോക്കാം.
ദഹനം മെച്ചപ്പെടുത്തുന്നു – ഈ മഴക്കാല സമയത്ത് മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ വയറിന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അന്നനാളത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരികയും വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയകള്‍ പോഷകങ്ങളുടെ ആഗിരണം വേഗത്തില്‍ ആക്കുകയും ഉദരപ്രശ്‌നങ്ങളായ ഓക്കാനം, വയറു കമ്പിക്കല്‍, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യും.
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു – രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിരോധശക്തി മെച്ചപ്പെടുത്തും എന്നതുകൊണ്ടുതന്നെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റിഫംഗല്‍ ഗുണങ്ങളും അടങ്ങിയ നെയ്യ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാന്‍ നെയ്യ് ശരീരത്തെ സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികള്‍, ഡെസര്‍ട്ടുകള്‍ ഇവയിലെല്ലാം നെയ്യ് ചേര്‍ക്കാം.
ചര്‍മത്തിന്റെ ആരോഗ്യം – ഷോര്‍ട്ട് ചെയ്ന്‍ ഫാറ്റി ആസിഡുകളാലും കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാലും നിര്‍മിക്കപ്പെട്ട നെയ്യ്, ചര്‍മത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകള്‍ ഇവയെല്ലാം അകറ്റാനും നെയ്യ് സഹായിക്കുന്നു. ചര്‍മത്തിന് സ്വാഭാവികമായ തിളക്കം നല്‍കുന്നു. ചര്‍മത്തിന്റെ വരള്‍ച്ച മാറ്റുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങള്‍ കുറയ്ക്കുന്നു.
ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു – ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം – നെയ്യ് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നു.




