മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം.
ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
38 പന്തിൽ 11 സിക്സും ഏഴു ഫോറുമുൾപ്പെടെ 101 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ചറി തികച്ചത്. ഇതോടെ ഐപിഎലിൽ അർധ സെഞ്ചറി, സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി. ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറിയാണ് മൂന്നാം ഐപിഎൽ മത്സരം കളിച്ച വൈഭവിന്റെ പേരിൽ കുറിക്കപ്പെട്ടത്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2013 ൽ 30 പന്തിൽ സെഞ്ചറി നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ചറിയുടെ റെക്കോഡ്.
ജയ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സൂര്യവംശിക്കൊപ്പം തകർപ്പൻ ഇന്നിങ്സുമായി കളംനിറഞ്ഞ യശസ്വി ജയ്സ്വാളിന്റെ ഇന്നിങ്സ് രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാക്കിയത്. 40 പന്തുകളിൽ നിന്ന് 70 റൺസെടുത്ത ജയ്സ്വാളും 15 പന്തിൽ 32 റൺസെടുത്ത നായകൻ റിയാൻ പരാഗും പുറത്താകാതെ നിന്നു. നാല് റൺസെടുത്ത് നിതീഷ് റാണയാണ് പുറത്തായത്.
നേരത്തെ, 50 പന്തിൽ 84 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലിന്റെയും 26 പന്തിൽ 50 റൺസെടുത്ത ജോസ് ബട്ട്ലറിന്റെയും ഇന്നിങ്സാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഗംഭീര തുടക്കമാണ് ഓപണർമാരായ ശുഭ്മാൻ ഗില്ലും സായ്സുദർശനും നൽകിയത്. 93 റൺസിലാണ് ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താനാകുന്നത്. 30 പന്തിൽ 39 റൺസെടുത്ത സായ് സുദർശനെ മഹീഷ് തീക്ഷ്ണയുടെ പന്തിൽ റിയാൻ പരാഗ് പിടിച്ച് പുറത്താക്കുകയായിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ട്ലർ പതിവ് പോലെ വെടിക്കെട്ട് മൂഡിലായിരുന്നു. ഗില്ലിനൊപ്പം സ്കോർ ചേർന്ന് സ്കോർ അതിവേഗം ചലിപ്പിച്ചു. സെഞ്ച്വറിയിലേക്കെന്ന് തോന്നിപ്പിച്ച നായകൻ ഗില്ലിന്റെ ഇന്നിങ്സ് അവസാനിപ്പിച്ച് തീക്ഷ്ണ രാജസ്ഥാന് അടുത്ത ബ്രേക്കിനുള്ള വഴിയൊരുക്കി. 50 പന്തിൽ 84 റൺസെടുത്ത ഗിൽ പുറത്താകുമ്പോൾ ഗുജറാത്ത് സ്കോർ ബോർഡ് 16.4 ഓവറിൽ 167ലെത്തിയിരുന്നു. തുടർന്നെത്തിയ വാഷിങ്ടൺ സുന്ദർ എട്ടു പന്തിൽ 13 റൺസെടുത്ത് സന്ദീപ് ശർമക്ക് വിക്കറ്റ് നൽകി മടങ്ങി. ഒൻപത് റൺസെടുത്ത് രാഹുൽ തിവാത്തിയയും പുറത്തായി. 26 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 50 റൺസെടുത്ത ബട്ട്ലറും അഞ്ച് റൺസെടുത്ത ഷാറൂഖ് ഖാനും പുറത്താകാതെ നിന്നു.