Crime

‘30 കോടി തന്നില്ലെങ്കില്‍ സാറിന്റെ ദൃശ്യം അശ്ലീലസൈറ്റില്‍ കാണാം’; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി ജീവനക്കാരിയും ഭര്‍ത്താവും

കാക്കനാട്‌ ഇന്‍ഫോ പാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ കേസില്‍ ദമ്പതികളായ പ്രതികള്‍ പിടിയില്‍. കേസിലെ ഒന്നാം പ്രതി തൃശൂര്‍ വലപ്പാട്‌ ചാവക്കാട്‌ പണിക്കേട്ടി വീട്ടില്‍ ശ്വേത ബാബു, ഇവരുടെ ഭര്‍ത്താവും രണ്ടാം പ്രതിയുമായ കൃഷ്‌ണദേവ് എന്നിവരാണ്‌ വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്‌.

വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്

ഒന്നാം പ്രതിയും രണ്ടാം പ്രതിയായ ഇവരുടെ ഭര്‍ത്താവും ചേര്‍ന്ന്‌ വ്യവസായിയെ ബലാത്സംഗക്കേസില്‍പെടുത്തുമെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം തന്നില്ലെങ്കില്‍ കമ്പനിക്ക്‌ കോടികളുടെ നഷ്‌ടമുണ്ടാക്കുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തി. ആദ്യം അൻപതിനായിരം വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ഇതോടെയാണ് വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടി. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്ന പൊലീസ് സംശയിക്കുന്നു. പ്രതികളില്‍നിന്ന്‌ 20 കോടിയുടെ ചെക്ക്‌ ലീഫും എഗ്രിമെന്റ്‌ പേപ്പറുകളും അന്വേഷണസംഘം കണ്ടെത്തി.