Sports

കോഹ്ലിയുടേയും അയ്യരുടേയും സെഞ്ച്വറികള്‍, ഗില്ലിന്റെ അര്‍ദ്ധശതകം; ലോകകപ്പിലെ റെക്കോഡ് സ്‌കോറുമായി ഇന്ത്യയുടെ പകവീട്ടല്‍

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന അനേകം നിമിഷങ്ങള്‍ പിറന്ന ഇന്ത്യാ ന്യൂസിലന്റ് ലോകകപ്പ് സെമിയില്‍ ലോകകപ്പിലെ റെക്കോഡ് നേട്ടത്തോടെ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും സെഞ്ച്വറിയും ശുഭ്മാന്‍ ഗില്‍ അര്‍ദ്ധശതകവും നേടിയ ഇന്നിംഗ്‌സില്‍ ഇന്ത്യ ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് നേട്ടം കുറിച്ചു. 397 റണ്‍സിന്റെ സ്‌കോറാണ് ന്യൂസിലന്റിനെതിരേ പടുത്തുയര്‍ത്തിയത്്

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേട്ടവും കുറിച്ച വിരാട്‌കോഹ്ലിയുടെ റെക്കോഡ് ബാറ്റിംഗായിരുന്നു മത്സരത്തിന്റെ കരുത്ത്. 113 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുകളും നേടിയ കോഹ്ലി 117 റണ്‍സ് നേടി പുറത്താകുമ്പോള്‍ ഒരു ലോകകപ്പില്‍ ഒരു ബാറ്റ്‌സ്മാന്‍ കുറിക്കുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ സച്ചിനെ മറികടന്നു. സെമിയില്‍ സെഞ്ച്വറി നേടിയതോടെ 700 റണ്‍സ് പേരിലാക്കി.

സെഞ്ച്വറി നേട്ടത്തില്‍ 50 ാം ശതകം കുറിച്ച കോഹ്ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടത്തിലും സച്ചിനെ മറികടന്നു. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും സെഞ്ച്വറി നേടി. 70 പന്തുകളില്‍ 105 റണ്‍സ് നേടി. നാലു ബൗണ്ടറികളും എട്ടു സിക്‌സറുകളുമാണ് അയ്യര്‍ പറത്തിയത്. ഇതോടെ ഈ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയും ശ്രേയസ് കുറിച്ചു. ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി 29 പന്തുകളില്‍ 47 റണ്‍സ് അടിച്ചുകൂട്ടി നായകന്‍ രോഹിത് ശര്‍മ്മ ടീമിന് മികച്ച തുടക്കം നല്‍കി. നാലു സിക്‌സറുകളും നാലു ബൗണ്ടറികളും ഇന്ത്യന്‍ നായകന്‍ അടിച്ചു.

ഒരു വശത്ത് രോഹിത് അടിച്ചു തകര്‍ത്തപ്പോള്‍ ശാന്തനായി നിന്ന ശുഭ്മാന്‍ ഗില്‍ നായകന്‍ പുറത്തായ ശേഷം ഇന്നിംഗ്‌സ് തോളിലേന്തി 65 പന്തില്‍ 79 റണ്‍സ് എടുത്ത് റിട്ടയേഡ് ഹര്‍ട്ടായി. എട്ടു ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് ഗില്‍ അടിച്ചത്. തിരിച്ചുവരവില്‍ ഒരു റണ്‍സ് ചേര്‍ക്കാനേ താരത്തിനായുള്ളൂ. കെ.എല്‍. രാഹുല്‍ 39 റണ്‍സ് നേടി 20 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് രാഹുല്‍നേടിയത്. ഇതോടെ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം ഈ ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം ന്യുസിലന്റാണ്. പാകിസ്താനെതിരേയുള്ള മത്സരത്തില്‍ അവര്‍ 401 റണ്‍സ് നേടിയിരുന്നു.