അമേരിക്കയിലെ ഒരു പൂജാരിയുടെ വരുമാനത്തെക്കുറിച്ചും വിസ വിവരങ്ങളെക്കുറിച്ചും ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. യുഎസിൽ താമസിക്കുന്ന ശാരിക യാദവ് എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു പണ്ഡിറ്റ് ജിക്ക് അമേരിക്കയിൽ ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും അവിടെയെത്താനുള്ള വിസയെക്കുറിച്ചും അറിയാൻ നിരവധി ആളുകൾക്ക് താല്പര്യമുണ്ടെന്ന് കണ്ടതിനാലാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്ന് ശാരിക പറയുന്നു. പൂജാരിമാർ വാങ്ങുന്ന തുക കേട്ടാൽ ആരും അത്ഭുതപ്പെട്ടുപോകുമെന്ന ആമുഖത്തോടെയാണ് ശാരിക ഓരോ പൂജയുടെയും നിരക്കുകൾ വിശദീകരിക്കുന്നത്.
ഇതനുസരിച്ച്, സത്യനാരായണ പൂജ നടത്തുന്നതിനായി $300 മുതൽ $350 വരെയാണ് വാങ്ങുന്നത്, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 28,000 മുതൽ 33,000 രൂപ വരെ. ഇതിന് പുറമെ ക്ഷേത്ര ഫീസായി $100 മുതൽ $150 വരെ (ഏകദേശം 10,000 മുതൽ 15,000 രൂപ) വേറെയും നൽകണം. പുതിയ വീടിന്റെ ഗൃഹപ്രവേശം, ശ്രാവണ മാസ പൂജകൾ, പുതിയ വാഹനങ്ങളുടെ പൂജ എന്നിവയ്ക്കാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്നും വാഹന പൂജകൾക്ക് പ്രത്യേക നിരക്കാണെന്നും ശാരിക വ്യക്തമാക്കുന്നു. കൂടാതെ, ഇങ്ങനെയുള്ള പൂജാരിമാർക്ക് അമേരിക്കയിലേക്ക് വരാൻ സഹായിക്കുന്നത് R-1 വിസയാണെന്നും ഇതിനായി കൃത്യമായ മതപരമായ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. ശാരിക പറഞ്ഞതുപോലെ പൂജാരിമാർക്ക് ലഭിക്കുന്ന തുക വളരെ കൂടുതലാണെന്ന് കണ്ട് ചിലരൊക്കെ അത്ഭുതപ്പെടുന്നുണ്ട്. എന്നാൽ, അമേരിക്കയിലെ ഉയർന്ന വീട്ടുവാടക, ഇൻഷുറൻസ് തുകകൾ, മറ്റ് ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ കണക്കിലെടുക്കുമ്പോൾ ഈ വരുമാനം അവിടുത്തെ ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളത് മാത്രമാണെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഡോളറിലുള്ള ഈ വരുമാനത്തെ വെറുതെ ഇന്ത്യൻ രൂപയിലേക്ക് മാറ്റി നോക്കി അതൊരു വലിയ ലാഭമാണെന്ന് പറയാനാകില്ലെന്നാണ് പലരുടെയും വിലയിരുത്തൽ.




