ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറാകാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല. മല്‍സരത്തില്‍ ജേതാക്കളായതിന് ശേഷം, ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റ്. മലേഷ്യയിലെ ജോഹർ ബഹ്രുവിൽ നടക്കുന്ന ഇന്ത്യ– പാക് മത്സരത്തിന്റെ തുടക്കത്തില്‍ ഇരു രാജ്യങ്ങളുടേയും ദേശീയഗാനങ്ങൾ ആലപിച്ചതിനുശേഷം ഇരു ടീമുകളിലെയും കളിക്കാര്‍ പരസ്പരം ഹൈ-ഫൈവ് കൈമാറി. അതേസമയം, ഹസ്തദാനം ഇല്ലായിരുന്നു.
രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രകോപനങ്ങളെക്കുറിച്ചും ചിന്തിക്കാതെ കളിയിൽ ശ്രദ്ധിക്കാൻ നേരത്തെ തന്നെ ഇരുരാജ്യങ്ങളുടെയും ഹോക്കി ബോർഡുകൾ കളിക്കാർക്കു നിർദേശം നൽകിയിരുന്നു. കളിക്കിടെ വൈകാരികമായ ആംഗ്യങ്ങളോ സംഘർഷങ്ങളോ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന് പിന്നാലെയാണ് ഹോക്കിയില്‍ താരങ്ങള്‍ പരസ്പരം ഹൈ–ഫൈവ് കൈമാറിയത്. കൈകള്‍ ഉയര്‍ത്തി പരസ്പരം മുട്ടിക്കുന്ന രീതിയാണിത്.
നേരത്തേ, ബിഹാറിൽ നടന്ന ഏഷ്യാകപ്പ് ഹോക്കിയിൽനിന്ന് പാകിസ്താൻ സീനിയർ ടീം പിന്മാറിയിരുന്നു. ആദ്യ മത്സരത്തിൽ മലേഷ്യക്കെതിരെ 7–1 വിജയം നേടിയ പാകിസ്താൻ രണ്ടാമത്തെ മത്സരത്തിൽ ബ്രിട്ടനോടു പരാജയപ്പെട്ടിരുന്നു. അതേസമയം, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റില്‍ പാകിസ്ഥാനെതിരെ ഇറങ്ങുന്നത്.




