Featured Sports

ആദ്യം ടെസ്‌റ്റ് പരമ്പര… പിന്നെ ഏകദിന പരമ്പര.. കിവികള്‍ക്കെതിരേ മാനം കാക്കാന്‍ ഇന്ത്യ- ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്നു തുടക്കം

നാഗ്‌പുര്‍: ആദ്യം ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പര… പിന്നാലെ ഏകദിന പരമ്പര… ഇന്ത്യന്‍ മണ്ണില്‍ പുതുചരിത്രം രചിച്ച ന്യൂസിലന്‍ഡിനെതിരേ ട്വന്റി-20 പരമ്പരയ്‌ക്കായി ഇന്ത്യ ഇന്നു കളത്തില്‍. അഞ്ചുമത്സര ട്വന്റി-20 പരമ്പരകൂടി കൈവിടുന്നത്‌ ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ മേലാളര്‍ക്കും ദഹിക്കില്ലെന്നുറപ്പ്‌. അതിനാല്‍ത്തന്നെ സമ്മര്‍ദം ആതിഥേയര്‍ക്കാണെന്നതില്‍ രണ്ടുപക്ഷമില്ല. ട്വന്റി-20 ലോകകപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ ടീം ഘടന ഏതുവിധത്തിലായിരിക്കണമെന്നതിന്റെ ഉരകല്ലുകൂടിയാകും ഇരുടീമുകള്‍ക്കും ഈ പരമ്പര.

നാഗ്‌പൂരില്‍ ഇന്നു രാത്രി ഏഴിന്‌ ആദ്യ പന്തെറിയും. കിവികള്‍ക്കുമുന്നില്‍ ടെസ്‌റ്റ്-ഏകദിന പരമ്പരകള്‍ അടിയറവച്ചതിന്റെ ക്ഷീണമുണ്ടെങ്കിലും കുട്ടിക്രിക്കറ്റില്‍ അതെല്ലാം മറികടക്കാനുള്ള കെല്‍പ്പ്‌ ടീമിനുണ്ടെന്ന ആത്മവിശ്വാസത്തിലാണ്‌ നായകന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും. ഒരു പരമ്പരനഷ്‌ടംകൂടി സംഭവിച്ചാല്‍ പരിശീലകപദംതന്നെ ഒരുപക്ഷേ, തുലാസിലാകുമെന്ന ആധിയില്‍ ഗംഭീര്‍ ടീമംഗങ്ങളില്‍നിന്ന്‌ ഏറ്റവും മികച്ച പ്രകടനംതന്നെ പ്രതീക്ഷിക്കുന്നു.

കിവികള്‍ക്കെതിരേ മുമ്പ്‌ നടന്ന രണ്ട്‌ പരമ്പരകള്‍; 2017, 2023 വര്‍ഷങ്ങളില്‍ 2-1 ന്‌ ഇന്ത്യ അക്കൗണ്ടിലാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ടി-20 പരമ്പര നേടിയിട്ടില്ലെന്നതു വസ്‌തുതയാണെങ്കിലും ചരിത്രം തിരുത്താന്‍ ശേഷിയുള്ളവരാണ്‌ ന്യൂസിലന്‍ഡ്‌ ടീം.
ഏകദിന പരമ്പരയില്‍ പതിവുമുഖങ്ങളില്‍ ചിലരുടെ അസാന്നിധ്യം ഇരുടീമിലുമുണ്ടായിരുന്നു. പക്ഷേ, ടി-20യില്‍ അവരെല്ലാം തിരികെയെത്തുന്നുവെന്നതാണ്‌ സവിശേഷത. ഇന്ത്യന്‍ നിരയിലേക്ക്‌ പേസര്‍ ജസ്‌പ്രീത്‌ ബുംറ, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്‌ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മടങ്ങിയെത്തുമ്പോള്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിലെ സ്‌ഥിരംനായകന്‍ മിച്ചല്‍ സാന്റ്‌നര്‍, ബാറ്റര്‍ രചിന്‍ രവീന്ദ്ര, ബൗളര്‍മാരായ മാറ്റ്‌ ഹെന്‍ട്രി, ജേക്കബ്‌ ഡഫി എന്നിവര്‍ കിവിനിരയില്‍ ടീമിലുണ്ടാകും.

ഇന്ത്യക്കായി മൂന്നാം നമ്പറില്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാകും ഇറങ്ങുകയെന്ന്‌ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ സൂര്യകുമാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. 2023 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരേയാണ്‌ താരം അവസാനം ദേശീയ ജഴ്‌സിയണിഞ്ഞത്‌. പരുക്കില്‍നിന്നു മുക്‌തനായി വരുന്ന തിലക്‌ വര്‍മയുടെ അസാന്നിധ്യം ആദ്യ മൂന്നു കളിയില്‍ നികത്താന്‍ ഇഷാനാകുമെന്ന്‌ ടീം കരുതുന്നു. ഇതോടെ ശ്രേയസ്‌ അയ്യര്‍ക്കാകും മധ്യനിരയില്‍ സ്‌ഥാനനഷ്‌ടമുണ്ടാകുക. ലോകകപ്പ്‌ അന്തിമ ഇലവനില്‍ ഇടംപിടിക്കാന്‍ ഈ പരമ്പരയിലെ പ്രകടനം ഇഷാനെ തുണയ്‌ക്കും.


അഭിഷേക്‌ ശര്‍മയ്‌ക്കൊപ്പം മലയാളിതാരം സഞ്‌ജു സാംസണ്‍ ഓപ്പണറായിറങ്ങും. വിക്കറ്റിനു പിന്നിലും സഞ്‌ജുവായിരിക്കും. നായകന്‍ സൂര്യകുമാറിനും ഇഷാനുമൊപ്പം ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്‌ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്‌ എന്നിവരാകും മധ്യനിരയ്‌ക്കു കരുത്തുപകരുന്നത്‌. ഹര്‍ഷിത്‌ റാണ, ശിവം ദുബെ എന്നിവരില്‍ ഒരാള്‍ക്കു മാത്രമാകും ഇന്ന്‌ അവസരം. സ്‌പിന്‍ വിഭാഗം ശക്‌തമാക്കാന്‍ താത്‌പര്യപ്പെടുന്നപക്ഷം പേസര്‍ അര്‍ഷ്‌ദീപ്‌ സിങ്ങിനെ ഒഴിവാക്കി കുല്‍ദീപ്‌ യാദവ്‌ അന്തിമ ഇലവനിലെത്തും. വരുണ്‍ ചക്രവര്‍ത്തിയാകും യാദവിന്റെ സ്‌പിന്‍ പങ്കാളി. പേസര്‍ ജസ്‌പ്രീത്‌ ബുംറ അവസാന പതിനൊന്നിലുണ്ടാകുമെന്ന്‌ ഉറപ്പാണ്‌.

മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ്‌ ടീം ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യത്താല്‍ സമ്പന്നമാണ്‌. ടിം റോബിന്‍സണൊപ്പം വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ഡെവണ്‍ കോണ്‍വേ ഓപ്പണിങ്‌ ബാറ്ററാകും. രചിന്‍ രവീന്ദ്രയ്‌ക്കു പുറമേ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ അന്തകനായ ഡാരില്‍ മിച്ചല്‍ ബാറ്റിങ്ങിനെത്തും.
ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക്‌ ചാപ്‌മാന്‍, ജെയിംസ്‌ നീഷാം എന്നിവരും അന്തിമ ഇലവനിലുണ്ടാകാനാണു സാധ്യത. മാറ്റ്‌ ഹെന്‍ട്രി, ഇഷ്‌ സോധി, ജേക്കബ്‌ ഡഫി എന്നിവര്‍കൂടി ചേരുന്നതോടെ ടീം ഇലവന്‍ പൂര്‍ണമാകും.