ഇസ്ലാമാബാദ്: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താനും ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻ പാകിസ്താൻ താരം റഷീദ് ലത്തീഫ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ സാഹചര്യത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഐസിസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഐസിസി നിരസിച്ചതിനെ തുടർന്നാണ് ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശ് തീരുമാനിച്ചത്.
എന്ത് വില നൽകിയാലും പാകിസ്താൻ ബംഗ്ലാദേശിനെ പിന്തുണയ്ക്കണമെന്നും ലോകകപ്പിൽ നിന്ന് പിന്മാറണമെന്നുമാണ് റഷീദ് ലത്തീഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ”ഇന്ത്യ – പാകിസ്താൻ മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്റെ 50 ശതമാനം മൂല്യവും നഷ്ടപ്പെടും. നിലവിലുള്ള ക്രിക്കറ്റ് ക്രമത്തെ വെല്ലുവിളിക്കാനുള്ള മികച്ച അവസരമാണിത്. പാകിസ്താൻ ബംഗ്ലാദേശിനൊപ്പം നിൽക്കുകയും ടി20 ലോകകപ്പ് കളിക്കാൻ വിസമ്മതിക്കുകയും ചെയ്യണം. ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.” – റഷീദ് ലത്തീഫ് പറഞ്ഞു.
ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് നിലപാടിനെ പിന്തുണച്ച ലത്തീഫ്, പാകിസ്താന് ഇതിലും മികച്ച അവസരം ലഭിക്കില്ലെന്നും കൂട്ടിച്ചേർത്തു. ”തുറുപ്പുചീട്ട് ഇപ്പോഴും പാകിസ്താന്റെ പക്കലാണ്. ബംഗ്ലാദേശിന്റെ നിലപാട് ശരിയാണ്. പാകിസ്താന് ഇതിനേക്കാൾ മികച്ച അവസരം ലഭിക്കില്ല. പാകിസ്താൻ കളിക്കാതിരിക്കുന്നത് ലോകകപ്പ് നിർത്തുന്നതിന് തുല്യമായിരിക്കും. ഭാവിയിൽ പാകിസ്താന് ബുദ്ധിമുട്ടുണ്ടായേക്കാം. ഐസിസി മത്സരങ്ങളിൽ കളിക്കാൻ പാകിസ്താൻ വിസമ്മതിച്ചാൽ ഉപരോധങ്ങൾ ഉണ്ടായേക്കാം. എന്നാൽ വെറും വാക്കുകളുടെ ഉപയോഗമില്ല, നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് കാണിക്കേണ്ട സമയമാണിത്.” – ലത്തീഫ് കൂട്ടിച്ചേർത്തു.




