അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ വിജയത്തിന് പിന്നിലെ ചാലകശക്തി സച്ചിൻ തെൻഡുൽക്കറാണെന്ന് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ നൽകിയ മാനസിക പിന്തുണയും മാർഗനിർദേശങ്ങളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തി. ഓസ്ട്രേലിയയിൽ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സംഘർഷങ്ങളിൽ നിന്ന് മോചിതനാവാൻ സച്ചിനുമായുള്ള നിരന്തര സംഭാഷണങ്ങൾ സഹായിച്ചെന്നും, ഫൈനൽ മത്സരത്തിന് ശേഷം പോലും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും സഞ്ജു നന്ദിയോടെ സ്മരിച്ചു.
ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചറികളടക്കം 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, 80.25 എന്ന തകർപ്പൻ ശരാശരിയിലാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. 199.38 എന്ന ഉജ്ജ്വല സ്ട്രൈക്ക് റേറ്റോടെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും മലയാളി താരത്തിന് സാധിച്ചു. ഈ നേട്ടം ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്നും കരിയറിലെ ഉയർച്ച താഴ്ചകൾക്കിടയിലും തളരാതെ പരിശ്രമിച്ചതിനുള്ള പ്രതിഫലമാണ് ഈ അംഗീകാരമെന്നും സഞ്ജു പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സഞ്ജു വികാരാധീനനായി ഓർത്തെടുത്തു. 2024-ലെ ലോകകപ്പ് ടീമിലുണ്ടായിട്ടും ഒരു മത്സരം പോലും കളിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലും താൻ സ്വപ്നം കാണുന്നത് അവസാനിപ്പിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസീലൻഡ് പരമ്പരയ്ക്ക് ശേഷം മാനസികമായി തകർന്നുപോയ നിമിഷങ്ങളുണ്ടായെങ്കിലും, ദൈവം തനിക്കായി കരുതിവെച്ച നിയോഗം മറ്റൊന്നായിരുന്നുവെന്നും നിർണായകമായ തിരിച്ചുവരവ് നടത്താൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.




