‘അമ്മ’ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഭരണസമിതി ഒന്നാകെ രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍ രംഗത്തെത്തി. തനിക്ക് ഇന്ന് കുറച്ചെങ്കിലും നീതി കിട്ടിയെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ സാധിച്ചുവെന്നും അന്‍സിബ പറഞ്ഞു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താന്‍ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനമുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ 32 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ‘അമ്മ’യിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് അന്‍സിബ വിശദീകരിച്ചു. ഇന്നത്തെ യോഗത്തില്‍ ഇത്രയും അംഗങ്ങള്‍ പങ്കെടുക്കുകയും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതില്‍ സന്തോഷമുണ്ട്. എല്ലാ അംഗങ്ങളുടേയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ കൃത്യതയുള്ള ജനറല്‍ ബോഡിയാണ് ഇന്ന് നടന്നത്. വരവ് ചെലവ് കണക്കുകള്‍ ജനറല്‍ ബോഡിയില്‍ കാണിക്കാന്‍ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇതിനായി വീണ്ടും സമയം ചോദിച്ചുകൊണ്ടുള്ള ബാലിശമായ ചോദ്യങ്ങള്‍ വിലപ്പോയില്ല. തനിക്ക് സംസാരിക്കാന്‍ പഴയ ഭരണസമിതി ഉച്ചവരെ സമയം അനുവദിച്ചില്ലെങ്കിലും മറ്റ് അംഗങ്ങള്‍ കൂടെ നിന്ന് സംസാരിക്കാന്‍ അവസരം ഉണ്ടാക്കിത്തന്നു. അതിന് എല്ലാവരോടും നന്ദി പറയുന്നതായും അന്‍സിബ പറഞ്ഞു.
പുതിയ ഭരണസമിതിക്ക് മുന്നില്‍ ഒരു സുപ്രധാന നിര്‍ദേശവും അന്‍സിബ മുന്നോട്ടുവച്ചിട്ടുണ്ട്. മുമ്പ് അമ്മയില്‍ നിന്ന് മാറിപ്പോയ അതിജീവിത ഉള്‍പ്പെടെയുളള ആളുകളെ ഔദ്യോഗികമായി തിരികെ ക്ഷണിക്കണം. വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്ടമാണ്. അമ്മയില്‍ നിന്ന് പുറത്തുപോയവരെ തിരികെ എത്തിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പറഞ്ഞിരുന്നെങ്കിലും അത് പാലിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.




