Featured Sports

തോറ്റെങ്കിലും RCBതന്നെ നമ്പർ 1, ജയിച്ചെങ്കിലും ഹൈദരാബാദ് മൂന്നാമത്; ആദ്യ ക്വാളിഫയറിൽ എതിരാളികൾ ഗില്ലും സംഘവും

പ്ലേഓഫ് ഉറപ്പിക്കാൻ ഒന്നാമതെത്തുകയെന്ന ലക്ഷ്യം പൂർത്തിയായില്ലെങ്കിലും, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലേക്ക് കടക്കുന്നു. ഐപിഎൽ ലീഗ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ആർസിബിക്കെതിരെ 55 റൺസിന്റെ മികച്ച വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദ് ഉയർത്തിയ 256 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ പതറിയ ആർസിബിയുടെ പോരാട്ടം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിക്കുകയായിരുന്നു.

ഈ വിജയത്തോടെ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദിനും 18 പോയിന്റായി. ഒന്നാമതുള്ള ആർസിബിക്കും രണ്ടാമതുള്ള ഗുജറാത്തിനും 18 പോയിന്റ് വീതമാണുള്ളതെങ്കിലും മെച്ചപ്പെട്ട റൺറേറ്റിന്റെ കരുത്തിലാണ് അവർ ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തിയത്. മത്സരത്തിൽ 90 റൺസിനെങ്കിലും ജയിച്ചിരുന്നെങ്കിൽ മാത്രമേ ഹൈദരാബാദിന് പട്ടികയിൽ ഒന്നാമത് എത്താമായിരുന്നുള്ളൂ. ഇനി മേയ് 26ന് നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ആർസിബിയും ഗുജറാത്തും തമ്മിൽ ഏറ്റുമുട്ടും.

ഭീമമായ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ആർസിബിക്ക് ഓപ്പണർ വെങ്കടേഷ് അയ്യർ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ സിക്സും ഫോറും നേടി താരം തിളങ്ങിയെങ്കിലും, അഞ്ചാം ഓവറിൽ 19 പന്തിൽ 44 റൺസെടുത്ത വെങ്കി പുറത്തായി. തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണറായ വിരാട് കോലിയെയും (15) ആർസിബിക്ക് നഷ്ടമായി. പവർപ്ലേയിൽ 2 വിക്കറ്റിന് 75 റൺസെന്ന നിലയിലായിരുന്ന ബെംഗളൂരു പിന്നീട് പരാജയത്തിന്റെ ആഘാതം കുറയ്ക്കാനാണ് ശ്രമിച്ചത്. ദേവ്‌ദത്ത് പടിക്കൽ 21 റൺസെടുത്ത് പുറത്തായ ശേഷം, നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ രജത് പട്ടീദാറും (56) ക്രുനാൽ പാണ്ഡ്യയും (41*) ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ടിം ഡേവിഡ് 15 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്. ഇഷാൻ കിഷൻ (79), ഹെയ്ൻറിച് ക്ലാസൻ (51), അഭിഷേക് ശർമ (56) എന്നിവരുടെ അർധസെഞ്ചറികളും, നിതീഷ് കുമാർ റെഡ്ഡി (29), ട്രാവിസ് ഹെഡ് (26) എന്നിവരുടെ വേഗമേറിയ ബാറ്റിങ്ങുമാണ് ഹൈദരാബാദിനെ മികച്ച നിലയിലെത്തിച്ചത്. ഇതിൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇഷാൻ കിഷനും ക്ലാസനും ചേർന്ന് വെറും 42 പന്തിൽ നിന്ന് 113 റൺസാണ് ബോർഡിൽ ചേർത്തത്.

തുടക്കം മുതൽ തന്നെ ആർസിബി ബോളർമാരെ സൺറൈസേഴ്സ് ഓപ്പണർമാരായ അഭിഷേകും ഹെഡും ക്രൂരമായി പ്രഹരിച്ചു. ഒന്നാം വിക്കറ്റ് വീഴുമ്പോഴേക്കും ഹൈദരാബാദ് 45 റൺസ് നേടിയിരുന്നു. രണ്ടാം വിക്കറ്റിൽ അഭിഷേകും ഇഷാനും ചേർന്ന് 52 റൺസ് കൂടി കൂട്ടിചേർത്തു. ഒൻപതാം ഓവറിൽ അഭിഷേക് പുറത്തായ ശേഷമാണ് ഇഷാൻ-ക്ലാസൻ സഖ്യത്തിന്റെ യഥാർത്ഥ വെടിക്കെട്ട് ആരംഭിച്ചത്. ക്ലാസൻ 5 സിക്സറുകൾ പറത്തിയപ്പോൾ ഇഷാൻ 8 ഫോറുകളുമായി തിളങ്ങി. അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡിയും തകർത്തടിച്ചതോടെ സ്കോർ 250 കടന്നു. ആർസിബി നിരയിൽ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്‌സൽവുഡും വിക്കറ്റൊന്നും നേടാനാകാതെ ധാരാളം റൺസ് വഴങ്ങിയപ്പോൾ, റാസിഖ് സലാം രണ്ട് വിക്കറ്റുകൾ വീഴ്ത്തി.