Crime

അവിഹിതം ചോദ്യംചെയ്‌ത രണ്ടാം ഭാര്യയെ കൊന്ന്‌ കൊക്കയിലെറിഞ്ഞ് ഭര്‍ത്താവ്‌, പിടിയിലാകു​മ്പോള്‍ ഒപ്പം ഇറാനിയന്‍ യുവതിയും

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളുകയായിരുന്നു. കോട്ടയം കുറവിലങ്ങാട്‌ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ മ്പോള്‍കണ്ടെടുത്തത്‌. കേസില്‍ ഭര്‍ത്താവ്‌ കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്‌(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്‌റ്റഡിയിലാണെന്നു സൂചനയുണ്ട്‌.

സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം ബന്ധമില്ലാതെ കഴിഞ്ഞുവരികയായിരുന്നു. മക്കള്‍ മൂന്നും വിദേശത്ത്‌ പോയശേഷം കഴിഞ്ഞ ആറുമാസമായി ജെസി ഒറ്റയ്‌ക്കാണ്‌ കഴിഞ്ഞിരുന്നത്‌. ജോലി ആവശ്യത്തിനായി സാം ഇടക്കാലത്ത്‌ വിദേശത്തായിരുന്നു. തിരിച്ചുവന്ന ഇയാള്‍ എം.ജി. സര്‍വകലാശാലയില്‍ ടൂറിസം ബിരുദാനന്ത കോഴ്‌സ്‌ പഠിച്ചുവരികയായിരുന്നു.

ഇരുവരും തമ്മില്‍ കുടുംബവഴക്കും കോടതിക്കേസുമുണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ്‌ കൊലപാതകം. കേസില്‍ ജെസിക്ക്‌ അനുകൂലമായി വിധിയുണ്ടാകുമെന്ന്‌ സംശയമുണ്ടായിരുന്നു. ഉഴവൂര്‍ അരീക്കരയില്‍ ഇയാള്‍ക്ക്‌ 4.5 ഏക്കര്‍ ഭൂമിയും ഗോവയിലും കോവളത്തും ഫ്‌ളാറ്റുകളുമുണ്ട്‌. ഈ കേസുകളുടെ വിധി ജെസിക്ക്‌ അനുകൂലമാകുന്നതോടെ സ്വത്തുകൈവിട്ടു പോയേക്കാം എന്ന തോന്നലും കൊലപാതകത്തിനു കാരണമായതായി പോലീസ്‌ പറഞ്ഞു. ഇവര്‍ക്ക്‌ 25, 23 വയസ്സുള്ള 2 ആണ്‍മക്കളും 28 വയസ്സുള്ള ഒരു മകളുമുണ്ട്‌. മക്കളെല്ലാം വിദേശത്താണ്‌. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയില്‍ കുറവിലങ്ങാട്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌: വിദേശത്തുള്ള മക്കള്‍ കഴിഞ്ഞ മാസം 26ന്‌ ജെസിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന്‌ ഇവരുടെ അഭിഭാഷകന്‍ ശശികുമാറും കുടുംബസുഹൃത്തും മുഖേന വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ജെസിയെ കാണാനില്ലെന്ന്‌ വ്യക്‌തമായി. ഇതോടെ കുറവിലങ്ങാട്‌ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ്‌ സാം ജോര്‍ജിനെ ബംഗളരുവില്‍നിന്നു കസ്‌റ്റഡിയില്‍ എടുത്തു. സാമിനൊപ്പം സുഹൃത്തായ ഇറാന്‍ സ്വദേശിയായ വനിതയും ഉണ്ടായിരുന്നു. ഇവര്‍ക്ക്‌ കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന്‌ വ്യക്‌തമല്ല.

ചോദ്യംചെയ്യലില്‍ ജെസിയെ കൊലപ്പെടുത്തിയതായി സാം ജോര്‍ജ്‌ സമ്മതിച്ചു. സാമിന് ചില വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ജെസ്സി സംശയം പ്രകടിപ്പിക്കുകയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകളുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം അവസാന ആഴ്ചയിലും ഇതുപോലെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സാം ജെസ്സിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന്‌ കുറവിലങ്ങാട്‌ പോലീസ്‌ ചെപ്പുകുളത്ത്‌ എത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ജെസിയെ 26ന്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന്‌ പ്രതി സമ്മതിച്ചു. വീട്ടില്‍ സൂക്ഷിച്ച മൃതദേഹം 27ന്‌ പുലര്‍ച്ചെ വാഹനത്തില്‍ ചെപ്പുകുളത്ത്‌ എത്തിച്ച്‌ റോഡരികില്‍നിന്നു താഴേയ്‌ക്കു തള്ളുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സാം ചെപ്പുകുളത്ത്‌ താമസിച്ചിരുന്നു. അന്നുണ്ടായിരുന്ന സ്‌ഥലപരിചയത്തിലാണ്‌ മൃതദേഹം ഇവിടെ ഉപേക്ഷിച്ചത്‌. തൊടുപുഴ അഗ്‌നിരക്ഷാസേന എത്തിയാണ്‌ ജെസിയുടെ മൃതദേഹം റോഡിലേക്ക്‌ കയറ്റിയത്‌. ജീര്‍ണിച്ച നിലയിലായിരുന്നു. തുടര്‍ന്ന്‌ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി.