ആരോഗ്യമുള്ള ശരീരം ഏതൊരാളുടെയും സ്വപ്നമാണ്. ഇതിനായി ഫിറ്റ്‌നെസ് തന്ത്രങ്ങള്‍ പല തലത്തിലും പ്രയോഗിക്കുന്നവരാണ് പുതിയ തലമുറ. ബോഡി ബില്‍ഡിങ്ങിനായി ജിമ്മില്‍ പോകണമെന്നു മാത്രമാണ് അവര്‍ക്കറിയുക. ഭക്ഷണകാര്യത്തിലുള്‍പ്പെടെ വര്‍ക്കൗട്ടിന്റെ എല്ലാതലത്തിലും കേട്ടുകേള്‍വി മാത്രമുള്ള കാര്യങ്ങളില്‍ അമിതമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പലരും മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍ പലപ്പോഴും ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് അനേകം സംശയങ്ങളുണ്ട്. ജിമ്മില്‍ പോകുന്നതിനു മുമ്പായി ഈ കാര്യങ്ങള്‍ മനസിലാക്കുന്നത് ഫിറ്റ്‌നെസ് മെച്ചപ്പെടുത്താനും അബദ്ധധാരണകള്‍ ഒഴിവാക്കാനും സഹായിക്കും.
വര്‍ക്കൗട്ട് രാവിലെ മാത്രം
ഇത് തികച്ചും തെറ്റായ ധാരണയാണ്. രാത്രിയിലല്ലാതെ ഏതു സമയത്തും രാവിലെയും വൈകിട്ടും വര്‍ക്കൗട്ടുകളിലേര്‍പ്പെടുന്നതു കൊണ്ട് ശരീരത്തിന് യാതൊരുവിധത്തിലുള്ള ദോഷവും ഉണ്ടാകില്ല. പൊതുവേ പ്രഭാതത്തില്‍ വ്യായാമങ്ങള്‍ എല്ലാവരും ചെയ്യുന്നത് ശീലമാക്കി കഴിഞ്ഞു. രാവിലത്തെ ഉന്മേഷം വര്‍ക്കൗട്ടില്‍ പ്രതിഫലിക്കുമെന്നല്ലാതെ ഇതിന് ശാസ്ത്രീയമായൊരു അടിത്തറയില്ല. എന്നാല്‍ മറ്റു സമയങ്ങളില്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. രാത്രിയിലെ വര്‍ക്കൗട്ട് ഉറക്കത്തെ ബാധിക്കും. ഭക്ഷണം കഴിച്ച ഉടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം.
നാല്‍പ്പത്തഞ്ചിനു ശേഷം ജിമ്മില്‍ പോകാന്‍ പാടില്ല
ജിമ്മില്‍ പോകുന്നതിന് പ്രായപരിധിയില്ല. ഒരാള്‍ക്ക് അയാളുടെ ജീവിതത്തിന്റെ ഏതുഘട്ടത്തില്‍ വേണമെങ്കിലും വര്‍ക്കൗട്ട് ആരംഭിക്കാം. ഇതിന് പ്രത്യേകിച്ച് പ്രായപരിധിയുണ്ടെന്നത് തെറ്റിദ്ധാരണയാണ്. വ്യായാമത്തില്‍ ഏര്‍പ്പെടാനുള്ള മനസാണ് പ്രധാനം. എല്ലാവരുടെയും ശരീരത്തില്‍ മസിലുകളുണ്ട് അവയ്ക്ക് രൂപവും ദൃഢതയും കൊടുക്കുകയാണ് വ്യായാമത്തിലൂടെ ലക്ഷ്യമാക്കുന്നത്.
വര്‍ക്കൗട്ടിനിടെ വെള്ളം കുടിക്കരുത്
വെള്ളം കുടിക്കുന്നത് ശരീരത്തിന് വ്യായാമ സമയത്തും ഗുണം മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ലിറ്റര്‍ കണക്കിന് വെള്ളമല്ല ഈ സമയത്ത് കുടിക്കേണ്ടത്. വ്യായാമത്തിനിടെ ഇടയ്ക്കിടയ്ക്ക് ഓരോ സിപ് കുടിക്കാം. വര്‍ക്കൗട്ടിന്റെ സമയത്ത് ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടാറുണ്ട്. ഇത് പരിഹരിച്ചില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിക്കുകയും തളര്‍ച്ചയുണ്ടാവുകയും ചെയ്യും. ശരീരത്തിന്റെ ചാക്രിക പ്രവര്‍ത്തനം സുഗമമായി നടക്കണമെങ്കില്‍ വെള്ളം കുടിക്കണം. ഇപ്പോള്‍ ട്രെയിനര്‍മാര്‍ക്കു പോലും ഇതു സംബന്ധിച്ച് തെറ്റായ ധാരണയുണ്ട്.
വ്യായാമശേഷം ശരീരം വിയര്‍ക്കണം
വിയര്‍ക്കുന്നതാണ് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ അളവുകോലെന്ന് വിശ്വസിക്കുന്നവരാണ് പല ആളുകളും. ഇത് തെറ്റാണ്. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ പ്രത്യേകതകളനുസരിച്ചാണ് ശരീരം വിയര്‍ക്കുന്നത്. മെറ്റബോളിക് റേറ്റില്‍ വരുന്ന വ്യതാസമാണിതിനു പിന്നില്‍. ചിലര്‍ വ്യായാമം തുടങ്ങുമ്പോള്‍ തന്നെ വളരെ പെട്ടെന്ന് വിയര്‍ക്കുന്നവരായിക്കും. മറ്റുള്ളവര്‍ എത്ര അധ്വാനിച്ചാലും വിയര്‍ക്കില്ല. മെറ്റബോളിക് റേറ്റ് കൂടിയും കുറഞ്ഞും വരുന്ന സന്ദര്‍ഭങ്ങളില്‍ വിയര്‍പ്പ് സ്വാഭാവികമായുണ്ടാകും.
വാമിങ് അപ് അനാവശ്യം
പലരുടെയും മിഥ്യാധാരണയാണിത്. പ്രത്യേകിച്ച് തുടക്കകാരില്‍ പലരും വാമിങ് അപ്പിനെ അനാവശ്യ പ്രക്രീയയായാണ് കാണുന്നത്. നേരിട്ട് വ്യായാമങ്ങളിലേക്ക് കടക്കാതെ ശരീരത്തെ വ്യായാമം ചെയ്യുന്നതിനായി സജ്ജമാക്കുകയാണ് വാമിങ് അപ് കൊണ്ടുള്ള ലക്ഷ്യം. വ്യായാമത്തിന്റെ സ്‌ട്രെയിന്‍ നേരിടാന്‍ മസിലുകളെ പ്രാപ്തമാക്കുകയാണിതിലൂടെ. ചെറിയ ചെറിയ വ്യയാമങ്ങളിലൂടെ പിന്നീട് ആയാസമേറിയതിലേക്ക് മാറുകയാണ്. പ്രധാനമായും 3 ഘട്ടങ്ങളിലൂടെയാണ് വ്യായാമം പൂര്‍ത്തിയാക്കുന്നത്.
- സ്‌ട്രെച്ചിങ്
- വാമിങ് അപ്
- വര്‍ക്കൗട്ട്
- കൂളിങ് ഡൗണ്‍ എക്‌സര്‍സൈസ്
ആദ്യത്തെതും അവസാനത്തേതും ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കുന്ന മോഡലിലുള്ളതാണ്. യോഗയുടെ ചില ഘട്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാമിങ് അപിനുശേഷമാണ് ആയാസമേറിയ വര്‍ക്കൗട്ടിലേക്ക് കടക്കുന്നത്.
ആരോഗ്യപ്രശ്‌നമുള്ളവര്‍ വര്‍ക്കൗട്ട് ഒഴിവാക്കണം
വ്യായാമം ശരീരത്തിന്റെ നിലവിലുള്ള ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ നിലയെ ആശ്രയിച്ചാണിത്. ഹൃദയ സംബന്ധമായ അസുഖമുള്ളയാള്‍ക്ക് ആയാസമേറിയ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ പാടില്ല. ലളിതമായ വ്യായാമങ്ങളാണ് അവരുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യം. അവരുടെ നിലവിലെ ആരോഗ്യസ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധ്യമാകും. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും ജിമ്മില്‍ പോകാം. സന്ധികളുടെ ബലത്തിന് വര്‍ക്കൗട്ട് ചെയ്യുന്നത് ഗുണം ചെയ്യും. എന്നാല്‍ ഈ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഡോക്ടറുടെയും വിദഗ്ധനായ ട്രെയിനറുടെയും നിര്‍ദേശമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ.
ബോഡി ബില്‍ഡിംഗിന് മാംസ ഭക്ഷണം നിര്‍ബന്ധം
നോണ്‍ വെജിറ്റേറിയന്‍ കഴിച്ചാല്‍ മാത്രമേ ബോഡി മെയിന്റെയിന്‍ ചെയ്യാന്‍ കഴിയൂ എന്നു പറയുന്നതിന് ശാസ്ത്രീയമായ അടിസ്ഥനമില്ല. വെജിറ്റേറിയനില്‍ ഇല്ലാത്ത ചില ഗുണങ്ങള്‍ നോണ്‍ വെജിറ്റേറിയനുണ്ട്. പെട്ടെന്ന് പ്രോട്ടീന്‍ ലഭിക്കാന്‍ നോണ്‍ വെജ് ഭക്ഷണം സഹായിക്കും. നോണ്‍ വെജിറ്റേറിയനിലില്ലാത്ത ഘടകങ്ങള്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിലും അടങ്ങിയിട്ടുണ്ട്. സമീകൃതമായ ആഹാരശൈലി പിന്തുടരുന്നതു തന്നെയാണ് ഉചിതം.
സ്ത്രീകള്‍ക്ക് കഠിനവ്യായാമം പാടില്ല
സ്ത്രീകളുടെ ശാരീരിക ഘടന പുരുഷന്റേതില്‍ നിന്നും വിഭിന്നമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഉറപ്പുള്ള പേശികളാണുള്ളത്. സ്ത്രീകള്‍ എത്ര ആയാസമേറിയ വ്യായാമത്തിലേര്‍പ്പെട്ടാലും മസിലുകള്‍ പുരുഷന്മാരുടെതു പോലെ രൂപപ്പെടില്ല. പുരുഷന്മാര്‍ ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ സ്ത്രീകള്‍ക്കും ചെയ്യാം. സ്‌ട്രെങ്ത് കുറച്ചായിരിക്കണമെന്നു മാത്രം. ചിലരില്‍ ശാരീരികമായ പ്രത്യേകതയനുസരിച്ച് ഹോ ര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകാം.
വര്‍ക്കൗട്ട് നിര്‍ത്തിയാല്‍ രൂപഭംഗി നഷ്ടമാകും
24 മുതല്‍ 48 മണിക്കൂര്‍ വരെയാണ് വ്യായാമത്തിന്റെ ഇഫക്ട് നിലനില്‍ക്കൂ. വര്‍ക്കൗട്ട് ഇല്ലാത്ത സമയങ്ങളില്‍ പൊതുവേ ആളുകള്‍ ഭക്ഷണം കൂടുതല്‍ കഴിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ ഫിറ്റ്‌നെസില്‍ മാറ്റമുണ്ടാകും. വര്‍ക്കൗട്ട് നിര്‍ത്തിയിട്ടും ഒരു കണ്‍ട്രോള്‍ ലൈഫ് സ്‌റ്റൈലാണ് പിന്തുടരുന്നതെങ്കില്‍ ഫിറ്റ്‌നെസിന് വലിയ വ്യതിയാനം സംഭവിക്കില്ല. ജിമ്മില്‍പോയുള്ള വര്‍ക്കൗട്ട് പെട്ടെന്ന് തുടങ്ങുകയും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. വ്യായാമം അവസാനിപ്പിക്കുന്നത് ലളിതമായ വര്‍ക്കൗട്ടിലൂടെയാകണം.
മെഷീന്‍ വര്‍ക്കൗട്ടുകള്‍ ശരീരത്തിന് ദോഷം
മെഷീനുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇതുകൊണ്ടില്ല. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം മെഷീനുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള വര്‍ക്കൗട്ടുകളാണ് അനുയോജ്യം. ഇവര്‍ക്ക് നേരിട്ട് വെയ്റ്റ് ലിഫ്റ്റിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബാലന്‍സ് കുറവാണ്. ഇത് പേശികളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അവര്‍ക്ക് ബാലന്‍സിങ്ങിന് ഇതാണ് സൗകര്യം. എന്നാല്‍ പ്രൊഫഷണലായി ചെയ്യുന്നവര്‍ക്ക് സ്വയം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. ശരീരത്തിന്റെ സ്വാഭാവികമായ ചലനമു (നാച്വറല്‍ മോഷന്‍സ)ണ്ടാകാനും ഇത് സഹായിക്കും.
പെട്ടെന്ന് മസിലുണ്ടാകാന്‍ ആയാസമേറിയ വര്‍ക്കൗട്ടുകള്‍
പൊതുവേയുള്ള ധാരണയാണിത്. പെട്ടെന്നു മസിലുണ്ടാകാന്‍ വളരെ പ്രയാസമേറിയ വ്യായാമങ്ങള്‍ തന്നെ ആദ്യം തിരഞ്ഞെടുക്കുന്നത് അബദ്ധമാണ്. ലഘുവായ വ്യായാമമുറകളില്‍ നിന്നും സങ്കീര്‍ണമായതിലേക്ക് സാവധാനം പ്രവേശിക്കുന്നതാണ് നല്ലത്. ഒന്നിനും പെട്ടെന്നുള്ള ഫലം ലഭിക്കില്ല. വളരെ നാളുകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് മികച്ച ബോഡി ബില്‍ഡു ചെയ്യാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യമാണ് ആദ്യം മനസിലാക്കേണ്ടത്.
ശരീരഭംഗിക്ക് പ്രോട്ടീന്‍ ഭക്ഷണം
മസിലുകളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ മാത്രം കഴിച്ചതു കൊണ്ട് വലിയ കാര്യമില്ല. അതോടൊപ്പം തന്നെ കൃത്യമായ വര്‍ക്കൗട്ട്്, ഡയറ്റ് തുടങ്ങിയവ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയ്ക്കനുസരിച്ചാണ് മസിലുകള്‍ വളര്‍ച്ച പ്രാപിക്കുന്നത്. ഇതു മനസിലാക്കി ഫിറ്റ്‌നെസ് ട്രെയിനറുടെ നിര്‍ദേശപ്രകാരം ഭക്ഷണം ക്രമീകരിക്കുക.
മസിലുകളുടെ വളര്‍ച്ചയ്ക്ക് ഭക്ഷണത്തോടൊപ്പം തന്നെ വിശ്രമവും അത്യാവശ്യമാണ്. കൃത്യമായ ഡയറ്റിനൊപ്പം വിശ്രമവും കൂടിച്ചേരുമ്പോഴാണ് ഫിറ്റ്‌നെസ് യാഥാര്‍ഥ്യമാകുന്നത്. ഉറക്കം വരെ ഇതില്‍ പ്രധാനമാണ്. വര്‍ക്കൗട്ടിനു ശേഷം വിശ്രമിക്കാതിരുന്നാല്‍ ഗുണത്തിനു പകരം ദോഷമാകുമുണ്ടാവുക.
സ്റ്റിറോയിഡുകള്‍ സുരക്ഷിതം
സ്റ്റിറോയിഡുകളുടെ ഉപയോഗം ശരീരത്തിന് ദോഷകരമാണ് എന്നതില്‍ സംശയമില്ല. ഗുണമേന്മയുള്ള പ്രോട്ടീന്‍ പൗഡറുകള്‍ കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. വിദേശ രാജ്യങ്ങളിലാണ് ഗുണമേന്മയുള്ളത് ലഭിക്കുന്നത്. ഇത് എല്ലാവരിലും ഒരുപോലെയായിരിക്കില്ല ഫലം ചെയ്യുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറോ അനാഡ്രോള്‍ പോലെയുള്ള മരുന്നുകളോ ഉപയോഗിക്കരുത്. ഇത് സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.
സ്റ്റിറോയിഡുകള്‍ കഴിക്കുകയോ ഇഞ്ചക്ട് ചെയ്യുകയോ ചെയ്തതു കൊണ്ടുമാത്രം മസിലുകള്‍ക്ക് വളര്‍ച്ചയുണ്ടാകണമെന്നില്ല. ഒരു വ്യക്തിയുടെ ശാരീരികമായ സ്ഥിതി അനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രോട്ടീന്‍ പൗഡര്‍, ക്രിയാറ്റിന്‍ പൗഡര്‍ തുടങ്ങിയ സപ്ലിമെന്റുകള്‍ ഇതിനു സഹായിക്കും.
ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകള്‍ക്കു പോകുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. സ്‌പോര്‍ട്‌സ് മെഡിസിന്റെ ലഭ്യത ഇവിടെ കുറവാണ്. വിദേശ രാജ്യങ്ങളില്‍ ഇതിന് ഡിമാന്‍ഡുണ്ട്. എല്ലാവരും ഇത് ഉപയോഗിക്കുന്നത് നല്ലതല്ല.
ഫിറ്റ്‌നെസിന് ആരംഭം കുറിക്കാനെത്തുന്ന തുടക്കകാരുടെ മനസില്‍ വര്‍ക് ഔട്ടിന്റെ എല്ലാ തലത്തിനെയും സംബന്ധിച്ച് അന്ധമായ ധാരണകളാണുള്ളത്. ഇന്റര്‍നെറ്റിന്റെ സ്വാധീനവലയത്തില്‍ മയങ്ങിയെത്തുന്ന യുവതലമുറ അവര്‍ ആരാധിക്കുന്ന സൂപ്പര്‍ ഹീറോയിന്‍സിന്റെ ബോഡി വേണമെന്ന ആഗ്രഹവുമായിട്ടാണ് ജിമ്മിലെത്തുന്നത്.
ആയാസകരമായ വ്യായാമങ്ങള്‍ ചെയ്താല്‍ പെട്ടെന്ന് ഫിറ്റ്‌നസുണ്ടാകുമെന്ന ധാരണയാണ് ഇതിനുപിന്നില്‍. തുടക്കകാര്‍ ഇങ്ങനെ ചിന്തിക്കുന്നത് ശരിയല്ല. പ്രൊഫഷനലുകള്‍ ചെയ്യുന്നതും തുടക്കകാര്‍ ചെയ്യുന്നതും തമ്മില്‍ വളരെ അന്തരമുണ്ടെന്ന് മനസിലാക്കുക. കഠിനമായ പരിശ്രമമാണ് അവരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്.




